“ഇന്ത്യ ജയിക്കുന്നത് ഞങ്ങൾ പാകിസ്ഥാൻകാർക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് വിമർശനം” – സൽമാൻ ബട്ട്.

384022

2024 ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യൻ ടീമിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരങ്ങൾ രംഗത്ത് വന്നത്. ഇൻസമാം അടക്കമുള്ള താരങ്ങൾ ഇന്ത്യക്കെതിരെ ഒരുപാട് അനാവശ്യമായ കാര്യങ്ങൾ ഉന്നയിക്കുകയുണ്ടായി. ഇന്ത്യൻ ബോളർമാർ പന്തിൽ കൃത്രിമം കാട്ടിയെന്നും അതിനാലാണ് ടൂർണമെന്റിലൂടനീളം അവർക്ക് റിവേഴ്സ് സിംഗ് ലഭിക്കുന്നത് എന്നും ഇൻസമാം മുൻപ് ആരോപിച്ചിരുന്നു.

ഇതിന് രോഹിത് ശർമ തക്കതായ മറുപടിയും നൽകി. ശേഷം ഇന്ത്യയെ ഐസിസി വഴിവിട്ട് സഹായിക്കുന്നുവെന്നും ഇതുകൊണ്ടാണ് മത്സരങ്ങൾ ഗയാനയിൽ നടത്തിയതെന്നുമുള്ള ആരോപണങ്ങളും എത്തി. എന്നാൽ ഇത്തരത്തിലുള്ള മുൻ പാക് താരങ്ങളുടെ ആരോപണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സൽമാൻ ബട്ട്. ഇത്തരം ആരോപണങ്ങൾ വെറും അടിസ്ഥാന രഹിതമാണ് എന്ന് സൽമാൻ ബട്ട് പറയുകയുണ്ടായി.

“ഗയാനയിൽ ഇന്ത്യയ്ക്ക് മത്സരങ്ങൾ നൽകി ഐസിസി അവരെ സഹായിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഒരുപാട് ആളുകൾ ഉന്നയിക്കുന്നതായി ഞാൻ ശ്രദ്ധിച്ചിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിൽ 8 വിക്കറ്റുകൾ ബാക്കിനിൽക്കേ പാക്കിസ്ഥാൻ വിജയിച്ചിരുന്നുവെങ്കിൽ അവർ ടൂർണമെന്റിൽ മികവ് പുലർത്തിയേനെ എന്ന് ചിലർ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരം ആരോപണങ്ങൾക്ക് മുന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. ഇന്ത്യ വിജയിക്കുക എന്നത് ഞങ്ങൾ പാകിസ്ഥാൻകാർക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള വിജയങ്ങൾ ലോകത്തിന് മുമ്പിൽ ഞങ്ങളെ നല്ല രീതിയിലല്ല അവതരിപ്പിക്കുക എന്ന് ഈ താരങ്ങൾക്ക് അറിയാം.”- ബട്ട് പറഞ്ഞു.

Read Also -  "അതെന്റെ തെറ്റ്, പിച്ച് കൃത്യമായി ജഡ്ജ് ചെയ്യാൻ സാധിച്ചില്ല". രോഹിത്

“ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ പ്രൊഫഷണലായി കാര്യങ്ങൾ എടുക്കുകയാണെങ്കിൽ, ഇന്ത്യ തന്നെയാണ് മെച്ചപ്പെട്ട ക്രിക്കറ്റ് കളിച്ചത് എന്ന് വ്യക്തമാവും. നിലവിൽ ക്രിക്കറ്റിൽ ഇന്ത്യയുടെ വഴികൾ കൃത്യതയുള്ളതാണ്. അത് പരിശീലനത്തിന്റെ കാര്യത്തിൽ ആയാലും റോളുകളുടെ കാര്യത്തിലായാലും ഇന്ത്യയ്ക്ക് ഒരു വ്യക്തതയുണ്ട്. മാത്രമല്ല സ്ക്വാഡിന്റെ ബെഞ്ചിന്റെ ശക്തി വർദ്ധിപ്പിക്കാനും മുൻപോട്ടുള്ള ഭാവിയെപ്പറ്റി നിർണയിക്കാനും ഇന്ത്യയ്ക്ക് അനായാസം സാധിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു.”- സൽമാൻ ബട്ട് കൂട്ടിച്ചേർത്തു.

“ഇപ്പോൾ സിംബാബ്വെയ്ക്കെതിരായ പര്യടനത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഒരു യുവ നായകന് കീഴിൽ യുവ താരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഇത്തവണ സിംബാബ്വെയെ നേരിടുന്നത്. മാത്രമല്ല ഇത്തവണ ഓസ്ട്രേലിയക്കെതിരെ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കാൻ ഒരുങ്ങുന്നത്. ഇതിന് മുൻപായി ഇന്ത്യ എ ടീം ഓസ്ട്രേലിയക്കെതിരെ ചതുർദിന ക്രിക്കറ്റ് മത്സരവും കളിക്കും. ഇതൊക്കെയും അവരുടെ കൃത്യമായ പ്ലാനിങ്ങിനെയാണ് ചൂണ്ടിക്കാട്ടുന്നത്.”- സൽമാൻ ബട്ട് പറഞ്ഞു വയ്ക്കുന്നു.

Scroll to Top