“വിദേശപിച്ചുകളിൽ ഞങ്ങൾക്ക് ബാറ്റു ചെയ്യാനറിയാം. ആ വിമർശനം വേണ്ട.” ശക്തമായ പ്രതികരണവുമായി രോഹിത്.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ദയനീയമായ ഒരു പരാജയം തന്നെയായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 33 റൺസിനുമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിലെ പരാജയത്തിന് ശേഷം ഒരുപാട് വിമർശനങ്ങൾ ഇന്ത്യൻ ടീമിനെതിരെ ഉയർന്നിട്ടുണ്ട്. ഹോം ഗ്രൗണ്ടുകളിൽ മാത്രം കളിക്കുന്ന താരങ്ങളാണോ ഇന്ത്യയുടെ ബാറ്റർമാർ എന്നതടക്കമുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വലിയ രീതിയിൽ അലയടിക്കുന്നു.

എന്നാൽ ഇതിനെല്ലാമുള്ള ഉത്തരം നൽകിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. തങ്ങൾ മുൻപും വിദേശ പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത് കഴിവ് തെളിയിച്ചിട്ടുള്ളവരാണെന്നും, ഇത് കേവലം ഒരു മത്സരമായി മാത്രം കണ്ടാൽ മതി എന്നുമാണ് രോഹിത് ശർമ മത്സരശേഷം പറഞ്ഞത്.

ചില ദിവസങ്ങളിൽ എതിർ ടീം ശക്തമായ പോരാട്ടം മുൻപിലോട്ട് വയ്ക്കുമ്പോൾ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നും രോഹിത് ശർമ പറഞ്ഞു. “ടീമിലുള്ള ഒരു താരങ്ങൾക്കും പ്രചോദനം നൽകേണ്ട ആവശ്യമില്ല. അവരൊക്കെയും അന്താരാഷ്ട്ര ക്രിക്കറ്റർമാരാണ്. ഈ പ്രകടനം കേവലം ഒന്നു മാത്രമാണ്.

ഞങ്ങൾ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഏത് തരത്തിലാണ് കളിച്ചത് എന്ന് ആരും മറക്കരുത്. ഓസ്ട്രേലിയയിൽ ഞങ്ങളുടെ ബാറ്റിംഗ് ഉപയോഗിച്ച് ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചിരുന്നു. ഇംഗ്ലണ്ടിൽ മത്സരം ബാറ്റിങ്ങിലൂടെയും ബോളിങ്ങിലൂടെയും സമനിലയിൽ എത്തിക്കാനും ഞങ്ങൾക്ക് സാധിച്ചു.”- രോഹിത് ശർമ പറയുന്നു.

“ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇന്ത്യയ്ക്ക് പുറത്ത് ഞങ്ങൾക്ക് ബാറ്റ് ചെയ്യാൻ അറിയില്ല എന്ന അർത്ഥമില്ല. ചില സമയങ്ങളിൽ നമ്മുടെ എതിർ ടീമുകൾ നമ്മളെക്കാൾ മികച്ച രീതിയിൽ പോരാടും. ഇതിനർത്ഥം അവർ 110 ഓവറുകൾ ബാറ്റ് ചെയ്തപ്പോൾ നമുക്ക് അതിന് പോലും സാധിച്ചില്ല എന്നതല്ല. ഇന്ത്യയുടെ കഴിഞ്ഞ 4-5 വിദേശ പര്യടനങ്ങളിലെ സ്കോർ കാർഡുകൾ പരിശോധിച്ചാൽ നിങ്ങൾക്ക് ഇക്കാര്യം പൂർണമായും ബോധ്യപ്പെടും.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

ഒപ്പം മത്സരത്തിലെ കെഎൽ രാഹുലിന്റെത് അടക്കമുള്ള ഇന്നിംഗ്സുകളെ രോഹിത് ശർമ പ്രശംസിക്കുകയുണ്ടായി. സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാൻ രാഹുലിന് മത്സരത്തിൽ സാധിച്ചുവെന്നും രോഹിത് പറഞ്ഞു.

“ആദ്യ ഇന്നിംഗ്സിൽ രാഹുൽ എത്ര മനോഹരമായാണ് കളിച്ചത്. സാഹചര്യങ്ങളെ പരമാവധി ബഹുമാനിച്ചുകൊണ്ട് മികച്ച ഉദാഹരണം തീർക്കാൻ രാഹുലിന് സാധിച്ചു. ആ ദിവസത്തിന്റെ അവസാനം രാഹുൽ 70 സ്ട്രൈക്ക് റേറ്റിലായിരുന്നു കളിച്ചത്. മോശം പന്തുകളെയൊക്കെയും ബൗണ്ടറി കടത്താൻ രാഹുലിന് സാധിച്ചു.

അത്തരം മനോഭാവത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. എല്ലായ്പ്പോഴും മൈതാനത്തെത്തി അനായാസം ബാറ്റ് വീശാൻ സാധിക്കില്ല. അത്തരമൊരു സാഹചര്യമല്ല ഇവിടെയുള്ളത്. ഏതു ബോളിനെ ആക്രമിക്കണം, ഏതിനെ പ്രതിരോധിക്കണം എന്ന് കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ ദക്ഷിണാഫ്രിക്കൻ സാഹചര്യത്തിൽ റൺസ് കണ്ടെത്താൻ സാധിക്കൂ.”- രോഹിത് പറഞ്ഞു വെക്കുന്നു.

Previous articleസൗത്താഫ്രിക്കന്‍ മണ്ണില്‍ കനത്ത പരാജയം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യ താഴേക്ക്.
Next articleടെസ്റ്റ്‌ റൺവേട്ടക്കാരിൽ ലക്ഷ്മണിനെ പിന്തള്ളി കോഹ്ലി. റെക്കോർഡ് നേട്ടത്തിലൂടെ കുതിപ്പ് തുടരുന്നു.