തിരിച്ചുവന്ന ചരിത്രമേ ഞങ്ങൾക്കുള്ളു. ഈ പരാജയത്തെയും നേരിടും. രോഹിത് ശർമയുടെ വാക്കുകൾ.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 46 റൺസിന് ഓൾ ഔട്ടായി. ന്യൂസിലാൻഡ് 402 റൺസ് കൂട്ടിച്ചേർക്കുകയും ഇന്ത്യയ്ക്ക് മേൽ ശക്തമായ ലീഡ് സ്വന്തമാക്കുകയും ചെയ്തു. മറുപടി ബാറ്റിംഗിൽ സർഫറാസ് ഖാൻ അടക്കമുള്ളവർ പോരാട്ടവീര്യം പുറത്തെടുത്തപ്പോൾ ഇന്ത്യ 462 റൺസ് നേടി.

അവസാന ഇന്നിംഗ്സിൽ 107 റൺസ് ആയിരുന്നു ന്യൂസിലാൻഡിന് ആവശ്യം. മത്സരത്തിന്റെ അവസാന ദിവസം രചിൻ രവീന്ദ്രയും വിൽ യങ്ങും ക്രീസിലുറച്ചതോടെ ന്യൂസിലാൻഡ് 8 വിക്കറ്റുകളുടെ വിജയം നേടി. മത്സരത്തിലെ പരാജയത്തെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

ആദ്യ ഇന്നിങ്സിലെ മോശം ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിലെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്നാണ് രോഹിത് ശർമ പറഞ്ഞത്. “രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചു. എന്നാൽ ആദ്യ ഇന്നിങ്സിൽ വേണ്ട രീതിയിൽ ബാറ്റിംഗിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ആ സമയത്ത് തന്നെ, ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന പൂർണ ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ രണ്ടാം ഇന്നിംഗ്സിൽ മികവ് പുലർത്താൻ സാധിച്ചത് ഗുണം ചെയ്തു. ഒരു മത്സരത്തിൽ നമ്മൾ 350 റൺസിന് പിന്നിലാണെങ്കിൽ പിന്നീട് കൂടുതലായി ഒന്നുംതന്നെ ചിന്തിക്കാനില്ല. ബോളിനെ കാണുകയും നേരിടുകയുമാണ് ചെയ്യേണ്ടത്.”- രോഹിത് പറഞ്ഞു.

“രണ്ടാം ഇന്നിംഗ്സിലെ കുറച്ച് കൂട്ടുകെട്ടുകൾ വലിയ ആവേശം നൽകുകയുണ്ടായി. ആ സമയത്ത് ഞങ്ങൾക്ക് അനായാസമായി വിക്കറ്റ് വലിച്ചെറിയാൻ സാധിക്കുമായിരുന്നു. പക്ഷേ അവിടെ ഞങ്ങൾ നന്നായി പ്രയത്നിച്ചു. പന്തും സർഫറാസ് ഖാനും ബാറ്റ് ചെയ്ത സമയത്ത് എല്ലാവരിലും വലിയ ആവേശം ഉണ്ടായിരുന്നു. പന്ത് കുറച്ചു ബോളുകൾ ലീവ് ചെയ്യുകയും കുറച്ചു ഷോട്ടുകൾ കളിക്കുകയും ചെയ്തു.”

“സർഫറാസ് കൃത്യമായി തന്റെ പക്വത മൈതാനത്ത് പുലർത്തി. ഇതിന് മുൻപ് ഞാൻ പത്രസമ്മേളനത്തിൽ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ ഞങ്ങളുടെ തീരുമാനം പിഴയ്ക്കുകയും 46 റൺസിന് പുറത്താവുകയും ചെയ്തു. ന്യൂസിലാൻഡ് അവിടെ നന്നായി പന്തെറിഞ്ഞു. അതിനെതിരെ നന്നായി പ്രതികരിക്കാൻ ഞങ്ങൾക്ക് സാധിച്ചതുമില്ല.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.

“ഇത്തരത്തിലുള്ള മത്സരങ്ങൾ സംഭവിക്കുക തന്നെ വേണം. ഞങ്ങൾ മുൻപോട്ടു പോകാൻ തന്നെയാണ് ശ്രമിക്കുന്നത്. മുൻപ് ഇംഗ്ലണ്ടിനെതിരെ ഇത്തരത്തിൽ ഞങ്ങൾക്ക് ഒരു മത്സരം നഷ്ടമായിരുന്നു. അതിന് ശേഷം അടുത്ത 4 മത്സരങ്ങളിൽ വിജയം നേടിയാണ് ഞങ്ങൾ തിരിച്ചുവന്നത്. ഇതുതന്നെ ഇനിയും ആവർത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുക. ഓരോ താരങ്ങളിൽ നിന്ന് എന്താണ് വേണ്ടത് എന്ന് പൂർണ ബോധ്യം ഞങ്ങൾക്കുണ്ട്.”- രോഹിത് ശർമ പറഞ്ഞു.

36 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെ ഇന്ത്യൻ മൈതാനത്ത് ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെടുന്നത്. ഇത് ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

Previous article36 വർഷത്തെ ചരിത്രം തിരുത്തി കിവിസ്. ഇന്ത്യൻ മണ്ണിൽ 8 വിക്കറ്റ് വിജയം.
Next articleWTC പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഫൈനലിലെത്താനുള്ള കടമ്പകൾ ഇങ്ങനെ.