വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി പുതിയ ഐപിഎൽ സീസൺ തുടങ്ങുവാൻ അവശേഷിക്കുന്നത്. വളരെയധികം ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ ഐപിഎല്ലിനെ കാത്തിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിലൂടെ ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ തവണ ദയനീയ പ്രകടനമായിരുന്നു മുംബൈ ഇന്ത്യൻസ് പുറത്തെടുത്തത്.
വെറും നാല് വിജയങ്ങൾ മാത്രമായി പത്താം സ്ഥാനത്ത് ആയിരുന്നു മുംബൈ ഇന്ത്യൻസ് കഴിഞ്ഞ തവണ സീസൺ അവസാനിപ്പിച്ചത്. ഇത്തവണ ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുന്ന മുംബൈ ഇന്ത്യൻസിന് സൂപ്പർ താരം ജസ്പ്രീത് ബുംറയുടെ അഭാവം കനത്ത തിരിച്ചടിയാകും. പരിക്കു മൂലമാണ് ഐപിഎല്ലിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇപ്പോൾ ഇതാ ആ ശൂന്യത നികത്തുവാൻ രണ്ട് കഴിവുള്ള താരങ്ങളെ തിരിച്ചറിഞെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ.
“ഞങ്ങൾക്ക് ലഭ്യമല്ല എന്ന് അറിയാം. ഞങ്ങളുടെ പക്കൽ ബുംറയുടെ റോൾ ചെയ്യാൻ കഴിവുള്ള രണ്ട് പേരുണ്ട്. അത് ഞങ്ങൾ നിരീക്ഷിക്കും. ഞങ്ങൾക്ക് വേണ്ടി അത് ചെയ്യാൻ അവർക്ക് കഴിയും. ഒരു വലിയ കാര്യം തന്നെയാണ് ബുംറയുടെ അഭാവം. എന്നാൽ ഇത് ടീമിലെ യുവതാരങ്ങൾക്ക് ഒരു അവസരമാണ്. ഈ സമയം അവർക്ക് സ്വയം പ്രകടിപ്പിക്കാനും സ്വാധീനം ചെലുത്താനുമുള്ളതാണ്.”- രോഹിത് ശർമ പറഞ്ഞു.
കഴിഞ്ഞ രണ്ട് ഐപിഎൽ പ്ലേ ഓഫിലും കടക്കുവാൻ മുംബൈ ഇന്ത്യൻസ് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ സീസൺ മുംബൈ ഇന്ത്യൻസ് നിർണായകമാണ്. എന്നാൽ ഈ വർഷം ഏകദിന ലോകകപ്പ് വരുന്നതിനാൽ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ചില മത്സരങ്ങൾ രോഹിത് ശർമ ഒഴിവാക്കാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ സൂര്യകുമാർ യാദവ് ആയിരിക്കും മുംബൈ ഇന്ത്യൻസിനെ നയിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു.