ഗാബ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ട്രാവിസ് ഹെഡിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ ടീമിന്റെ വലിയ ആധിപത്യമാണ് കാണാൻ സാധിച്ചത്. ഇതിന് ശേഷം തങ്ങളുടെ ബോളിങ്ങിലുണ്ടായ പരാജയത്തെ പറ്റിയും പ്രാവർത്തികമാക്കാൻ സാധിക്കാതിരുന്ന തന്ത്രങ്ങളെപ്പറ്റിയും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബോളിംഗ് പരിശീലകനായ മോർക്കൽ
മത്സരത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിലെ 50 മുതൽ 80 വരെയുള്ള ഓവറുകളിൽ തങ്ങൾക്ക് നന്നായി പന്തറിയാൻ സാധിച്ചില്ല എന്ന് മോർക്കൽ പറയുകയുണ്ടായി. പഴയ പന്തിൽ ഇന്ത്യൻ ബോളർമാർ വളരെ ബുദ്ധിമുട്ടി എന്നാണ് മോർക്കൽ കൂട്ടിച്ചേർത്തത്. അത് ഇന്ത്യയ്ക്ക് തിരിച്ചടിയായി എന്നും പരിശീലകൻ പറയുന്നു.
“ആദ്യമായി ഞങ്ങൾക്ക് പറയാനുള്ളത്, ഹെഡ് അവന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് എന്നതാണ്. എന്നിരുന്നാലും ഞങ്ങളുടെ ബോളിങ്ങിലേക്ക് വന്നാൽ, ചില സമയത്ത് വളരെ മോശമായിരുന്നു. 50 മുതൽ 80 വരെയുള്ള ഓവറുകൾ പരിശോധിച്ചാൽ ഞങ്ങൾ അല്പം പിന്നിലേക്ക് പോയിട്ടുണ്ട്. അവസാന മത്സരത്തിലും ഈ സമയത്ത് ഞങ്ങൾ കുറച്ചധികം റൺസ് വിട്ട് നൽകിയിരുന്നു. ആ അവസരത്തിലാണ് ഞങ്ങൾ അല്പം മുൻപോട്ട് വരേണ്ടിയിരുന്നത്. അവിടെയാണ് പുരോഗതികൾ ഉണ്ടാക്കേണ്ടിയിരുന്നത്.”- മോർക്കൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
“ഇന്ന് രാവിലെ ബോളിംഗിൽ മികച്ച തുടക്കം ഞങ്ങൾക്ക് ലഭിച്ചിരുന്നു. ആ സമയത്ത് ഞങ്ങൾ നല്ല നിലയിലായിരുന്നു. 70 റൺസ് സ്വന്തമാക്കുന്നതിനിടെ ഓസ്ട്രേലിയയുടെ 3 വിക്കറ്റുകൾ നേടിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. പക്ഷേ ലോകനിലവാരമുള്ള 2 ബാറ്റർമാർ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയായിരുന്നു. സ്മിത്തിനെ നമുക്ക് കുറച്ചുനാളുകളായി അറിയാം. ഒരുപാട് സമയം ബാറ്റ് ചെയ്യാനും ഒരുപാട് റൺസ് സ്വന്തമാക്കാനും സാധിക്കുന്ന താരമാണ് സ്മിത്ത്. സ്മിത്തും ഹെഡും ചേർന്ന് ഒരു വമ്പൻ കൂട്ടുകെട്ടാണ് ഇന്ന് കെട്ടിപ്പടുത്തത്. അത് ഞങ്ങളെ സമ്മർദ്ദത്തിലാക്കി എന്നത് സത്യമാണ്.”- മോർക്കൽ പറയുകയുണ്ടായി.
“ആ ഏരിയയിൽ ഞങ്ങൾ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഞങ്ങൾക്ക് മത്സരത്തിൽ കൃത്യമായ തന്ത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ബോൾ പഴയതായതോടെ ഈ തന്ത്രങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. അവിടെയാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നത്. ഓവർ ദ വിക്കറ്റിൽ സ്ട്രൈറ്റ് ലൈനിൽ കൂടുതലായി പന്തറിയുക എന്ന തന്ത്രത്തോടെയാണ് ഞങ്ങൾ മത്സരത്തിലേക്ക് വന്നത്. അഡ്ലൈഡിൽ ഈ തന്ത്രം ഞങ്ങൾക്ക് ഗുണം ചെയ്തിരുന്നു. പക്ഷേ ഹെഡ് മത്സരത്തെ സമീപിച്ചത് മറ്റൊരു രീതിയിലാണ്. കൃത്യമായ രീതിയിൽ സ്കോറിങ് കുറയ്ക്കുന്നതിൽ ഞങ്ങളുടെ ബോളർമാർ പരാജയപ്പെട്ടു.”- മോർക്കൽ പറഞ്ഞുവെക്കുന്നു.