ദക്ഷിണാഫ്രിക്കകെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയമേറ്റുവാങ്ങി. കട്ടക്കില്‍ നടന്ന മത്സരത്തില്‍ 4 വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം അനായാസം സൗത്താഫ്രിക്ക മറികടന്നു. ഇഷാന്‍ കിഷാന്‍, ശ്രേയസ്സ് അയ്യര്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ലക്ഷ്യം പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യക്ക് മനോഹര തുടക്കമാണ് ഭുവനേശ്വര്‍ കുമാര്‍ നല്‍കിയത്. പവര്‍പ്ലേയില്‍ 3 വിക്കറ്റുകളാണ് ഭുവി നേടിയത്. എന്നാല്‍ ക്യാപ്റ്റന്‍ ബവുമയും – ഹെന്‍റിച്ച് ക്ലാസനും ഒത്തുചേര്‍ന്ന കൂട്ടുകെട്ട് സൗത്താഫ്രിക്കക്ക് വിജയം സമ്മാനിച്ചു. 46 പന്തില്‍ 7 ഫോറും 5 സിക്സും സഹിതം 81 റണ്ണാണ് ക്ലാസന്‍ നേടിയത്. ഡീകോക്കിനു പരിക്കേറ്റതിനു പകരം ടീമില്‍ ഇടം നേടിയ താരമായിരുന്നു ക്ലാസന്‍.
മത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ, തങ്ങൾക്ക് 10-15 റൺസ് കുറവായിരുന്നുവെന്ന് റിഷഭ് പന്ത് പറഞ്ഞു. ആദ്യ 7-8 ഓവറിൽ ഭുവനേശ്വർ കുമാറും മറ്റ് പേസർമാരും ഉജ്ജ്വലമായി പന്തെറിഞ്ഞെങ്കിലും അതിനുശേഷം ബൗളർമാർ ദയനീയമായി പരാജയപ്പെട്ടുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
“ഞങ്ങൾക്ക് 10-15 റൺസ് കുറവായിരുന്നു. ആദ്യ 7-8 ഓവറിൽ ഭുവിയും ഫാസ്റ്റ് ബൗളർമാരും നന്നായി പന്തെറിഞ്ഞു. എന്നാൽ അതിനു ശേഷം ഞങ്ങൾ നിലവാരം പുലർത്തിയില്ല. രണ്ടാം പകുതിയിൽ ഞങ്ങൾക്ക് വിക്കറ്റുകൾ ആവശ്യമായിരുന്നു, പക്ഷേ ഞങ്ങൾക്ക് ആ വിക്കറ്റുകൾ നേടാനായില്ല. “അവർ (ക്ലാസനും ബാവുമയും) ശരിക്കും നന്നായി ബാറ്റ് ചെയ്തു. ഞങ്ങൾക്ക് നന്നായി ബൗൾ ചെയ്യാമായിരുന്നു, അടുത്ത മത്സരത്തിൽ ഞങ്ങൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ഞങ്ങൾക്ക് ജയിക്കേണ്ടതുണ്ട്. ” മത്സര ശേഷം റിഷഭ് പറഞ്ഞു.
പരമ്പരയിലെ മൂന്നാം മത്സരം ജൂണ്‍ 14 ന് വിശാഖപ്പട്ടണത്താണ് ഒരുക്കിയിരിക്കുന്നത്.