ബുംറയെ ഞങ്ങൾ മെരുക്കും. തന്ത്രങ്ങൾ റെഡി. ഓസീസ് നായകൻ കമ്മിൻസ് പറയുന്നു.

ഈ വർഷം ക്രിക്കറ്റ് ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും അണിനിരക്കുന്ന ബോർഡർ- ഗവസ്കർ ട്രോഫി.

ഓസ്ട്രേലിയൻ മണ്ണിൽ നവംബർ 22 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ഇത്തവണ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത്. കഴിഞ്ഞ 2 തവണ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇത്തവണയും ഇന്ത്യ മൈതാനത്ത് ഇറങ്ങുന്നത്.

ഓസ്ട്രേലിയയ്ക്ക് എല്ലായിപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുള്ള ഇന്ത്യൻ പേസർ  ജസ്പ്രീത് ബുംറയാണ്. ഏതുതരത്തിൽ ബുംറയുടെ ഭീഷണി ഒഴിവാക്കാൻ സാധിക്കും എന്നതിനെ പറ്റിയാണ് ഇപ്പോൾ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് പറയുന്നത്.

ബുംറയുടെ ഭീഷണി ഒഴിവാക്കാനായി ഏതുതരം തന്ത്രമാണ് തങ്ങൾ പ്രയോഗിക്കുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കമ്മിൻസ് ഇപ്പോൾ. “ഞാൻ ജസ്‌പ്രീത് ബുംറയുടെ വലിയൊരു ആരാധകനാണ്. അവൻ ഒരു അവിശ്വസനീയ ബോളറാണ് എന്നാണ് ഞാൻ കരുതുന്നത്  പക്ഷേ ഞങ്ങൾക്ക് അവനെ മെരുക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ പരമ്പരയിൽ വിജയം സ്വന്തമാക്കാനും ഞങ്ങൾക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നു.”- പാറ്റ് കമ്മിൻസ് പറയുകയുണ്ടായി.

“ബുംറയ്ക്കൊപ്പം മറ്റ് ചില വമ്പൻ താരങ്ങളും ഇത്തവണ ഇന്ത്യക്കുണ്ട്. ഓസ്ട്രേലിയൻ മണ്ണിൽ കളിക്കാത്ത ഒരുപാട് പുതിയ താരങ്ങൾ ഇന്ത്യൻ നിരയിൽ അണിനിരക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവർക്കെതിരെ പന്തറിയാനും മറ്റും ഞങ്ങൾക്ക് സാധിച്ചിട്ടില്ല. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കണ്ടു തന്നെ അറിയണം. ഓസീസ് മണ്ണിൽ കഴിഞ്ഞ 2 പരമ്പരകളും സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. പക്ഷേ ആ 2 പരമ്പരകളും അവസാനിച്ചിട്ട് ഇപ്പോൾ നാളുകളായി. അതുകൊണ്ടുതന്നെ അതിൽ നിന്ന് പുറത്തു കടക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.”- കമ്മിൻസ് കൂട്ടിച്ചേർക്കുന്നു.

“ഞാനിതുവരെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഒരുപാട് കളിച്ചിട്ടില്ല.  അതുകൊണ്ടു തന്നെ അവൻ എങ്ങനെ കളിക്കുന്ന താരമാണ് എന്നതിനെപ്പറ്റി എനിക്ക് വ്യക്തതയില്ല. പക്ഷേ ഇന്ത്യ ടീം ഇത്തവണ വളരെ തയ്യാറെടുപ്പുകളോടെയാണ് ഓസ്ട്രേലിയയിലേക്ക് എത്തുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. അവർ വലിയ പദ്ധതികൾ തന്നെ പുറത്തെടുക്കും. കഴിഞ്ഞ കുറച്ചു ഫൈനലുകളിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും ഏകദിന ലോകകപ്പിന്റെ ഫൈനലിലും ഇന്ത്യയെ ഞങ്ങൾ പരാജയപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നാണ് ഞങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നത്.”- കമ്മിൻസ് പറഞ്ഞുവെക്കുന്നു.

Previous articleപല പരിശീലകർക്ക് കീഴിൽ കളിച്ചിട്ടുണ്ട്, പക്ഷേ ഗംഭീർ വ്യത്യസ്തൻ. കാരണം പറഞ്ഞ് സഞ്ചു സാംസണ്‍.
Next articleഇന്ത്യയ്ക്ക് ബാറ്റിംഗ് ദുരന്തം, 46 റൺസിന് ഓൾഔട്ട്‌. പൂജ്യരായത് 5 ബാറ്റർമാർ.