ഗാബ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചിട്ടുണ്ട്. വീഴ്ചയുടെ വലിയ ആഴത്തിലേക്ക് പോയ ടീമിനെ ഇന്ത്യയുടെ മധ്യനിര വാലറ്റ ബാറ്റർമാർ കൈപിടിച്ചു കയറ്റുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർ ഓസ്ട്രേലിയയ്ക്ക് 445 റൺസാണ് വഴങ്ങിയത്.
ഇത് ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചു. ആദ്യ ഇന്നിങ്സിൽ ബൂമ്രയ്ക്ക് മാത്രമായിരുന്നു ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത്. എന്നാൽ മറ്റു ബോളർമാരെ ഇതിന്റെ പേരിൽ പഴിചാരാൻ തങ്ങൾ തയ്യാറാകുന്നില്ല എന്നാണ് ബുമ്ര തുറന്നു പറഞ്ഞിരിക്കുന്നത്. മോശം പ്രകടനത്തിന്റെ പേരിൽ ടീമിലുള്ള ആർക്കുനേരെയും തങ്ങൾ വിരൽ ചൂണ്ടില്ല എന്ന് ബൂമ്ര പറയുന്നു.
ഒരു കാരണവശാലും തങ്ങൾ വ്യക്തിഗത നേട്ടങ്ങളോ വ്യക്തിഗത പരാജയങ്ങളോ കണക്കിലെടുക്കാറില്ല എന്നാണ് ബുമ്ര പറഞ്ഞത്. ജയങ്ങളെയും പരാജയങ്ങളെയും ടീമായാണ് തങ്ങൾ നോക്കിക്കാണുന്നത് എന്ന് ബൂമ്ര പറയുകയുണ്ടായി. “നീ അങ്ങനെ ചെയ്യൂ, നീ ഇങ്ങനെ ചെയ്യൂ എന്ന് പറഞ്ഞ് ടീമിലെ ഒരു താരത്തിന് നേരെയും വിരൽ ചൂണ്ടാൻ ഞങ്ങൾ ശ്രമിക്കാറില്ല. എല്ലാ കാര്യത്തിലും ഒരു സംഘം എന്ന നിലയിലാണ് ഞങ്ങൾ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. അല്ലാതെ വ്യക്തിഗതമായി ബോളിങ്ങിനെയൊ ബാറ്റിംഗിനെയോ ഞങ്ങൾ കണ്ടിട്ടില്ല. നിലവിൽ നമ്മളുടെ ബോളിംഗ് നിര ഒരു തലമുറ മാറ്റത്തിലൂടെ കടന്നു പോവുകയാണ്. ഞാനിപ്പോൾ ശ്രമിക്കുന്നത് പുതിയ ബോളർമാരെ സഹായിക്കാനാണ്. ഓരോ കളി കഴിയുമ്പോഴും അവർ മെച്ചപ്പെടുന്നു.”- ബുമ്ര പറയുകയുണ്ടായി.
“നിലവിൽ നമ്മുടെ ടീമിൽ 11 പേരാണുള്ളത്. അതിൽ എല്ലാ കാര്യങ്ങളും ചെയ്യേണ്ടയാൾ ഞാൻ മാത്രമാണ് എന്ന് കരുതുന്നില്ല. മുഹമ്മദ് സിറാജിന്റെ ബോളിംഗ് കഴിവുകളിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. ഒരു യഥാർത്ഥ പോരാളിയാണ് മുഹമ്മദ് സിറാജ്. പരിക്ക് പറ്റിയിട്ടും അവൻ ഈ ടെസ്റ്റ് മത്സരത്തിൽ നന്നായി തന്നെ പന്തറിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്. അവന് വിക്കറ്റ് ലഭിക്കാതിരുന്നത് ദൗർഭാഗ്യം മാത്രമാണ്. പരിക്കുണ്ടായിട്ടും അവൻ ഇന്ത്യക്കായി മൈതാനത്ത് ഇറങ്ങി. അത് അവന്റെ അസാന്നിധ്യം ടീമിന് വലിയ സമ്മർദ്ദം ഉണ്ടാക്കുമെന്ന തിരിച്ചറിവിൽ നിന്നാണ്.”- ബൂമ്ര കൂട്ടിച്ചേർത്തു.
മത്സരത്തിൽ ബോളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനമായിരുന്നു ബൂമ്ര കാഴ്ചവച്ചത്. ഇന്ത്യയെ ഫോളോ ഓൺ ഭീഷണിയിൽ നിന്ന് വിദഗ്ധമായി രക്ഷിക്കാൻ ബുമ്രയ്ക്ക് സാധിച്ചു. മുമ്പ് ബാറ്റിംഗിനെ പറ്റി ചോദിച്ചപ്പോൾ ബൂമ്ര പറഞ്ഞ മറുപടിയും വളരെ രസകരമായിരുന്നു. “എന്റെ ബാറ്റിംഗിനെ പറ്റിയാണ് ചോദ്യം ഉയർന്നതെങ്കിൽ അതിന് ഗൂഗിൾ നോക്കിയാൽ മതി. ടെസ്റ്റ് മത്സരത്തിൽ ഒരു ഓവറിൽ ഏറ്റവുമധികം റൺസടിച്ച ബാറ്ററാണ് ഞാൻ.”- ബൂമ്രയുടെ ഈ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2022ൽ ഇംഗ്ലണ്ടിനെതിരെ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ 34 റൺസ് നേടിയാണ് ബൂമ്ര ഈ നേട്ടം സ്വന്തമാക്കിയത്.