2023ലെ ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ വച്ച് നടത്താനുള്ള സാധ്യതകൾ മങ്ങുകയാണ്. ടൂർണമെന്റിന്റെ ആതിഥേയത്വ അവകാശം പാക്കിസ്ഥാന്റെ കയ്യിലാണെങ്കിലും, പാക്കിസ്ഥാനിൽ കളിക്കുന്നതിനുള്ള തങ്ങളുടെ പ്രശ്നങ്ങൾ ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാനും സാധ്യതകളുണ്ട്. എന്നാൽ ഇന്ത്യ ഏഷ്യാകപ്പിനായി പാകിസ്ഥാനിൽ എത്തിയില്ലെങ്കിൽ, തങ്ങൾ 2023 ലോകകപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി രംഗത്തുവന്നിരിക്കുകയാണ് പിസിബി ചീഫ് നജം സേതി.
നിലവിൽ പാക്കിസ്ഥാനിൽ ടൂർണമെന്റ് നടത്താൻ തങ്ങൾ അങ്ങേയറ്റം പ്രാപ്തരാണെന്നും, ഇന്ത്യ സഹകരിക്കണമെന്നും സേതി പറയുകയുണ്ടായി. “ഞാൻ തുറന്ന രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നത്. നിലവിൽ മറ്റെല്ലാ ടീമുകളും പാക്കിസ്ഥാനിൽ കളിക്കുന്നുണ്ട്. യാതൊരു സുരക്ഷാ പ്രശ്നങ്ങളും അവർക്ക് ഇവിടെയില്ല. എന്തുകൊണ്ടാണ് ഇന്ത്യ മാത്രം ഇതിനെപ്പറ്റി പറയുന്നത്? അങ്ങനെയെങ്കിൽ ലോകകപ്പിനായി പാക്കിസ്ഥാനെ ഇന്ത്യയിലേക്ക് വിടുന്നതിൽ ഞങ്ങൾക്കും സുരക്ഷാ പ്രശ്നങ്ങളുണ്ട്. അടുത്ത യോഗത്തിൽ ഞാൻ അത് സൂചിപ്പിക്കും.”- നജം സേതി പറയുന്നു.
“ഇന്ത്യയുടെ ഈ നിലപാടിനെ ഞങ്ങൾ ഒരിക്കലും പിന്തുണയ്ക്കില്ല. കാരണം ഏഷ്യാകപ്പ് ഞങ്ങൾക്ക് ആവശ്യമാണ്. മാത്രമല്ല ഈ പ്രശ്നം ഏഷ്യാകപ്പിലും ലോകകപ്പിലും അവസാനിക്കുകയുമില്ല. 2025ലെ ചാമ്പ്യൻസ് ട്രോഫി നടക്കാനിരിക്കുന്നതും പാകിസ്ഥാനിലാണ് എന്നോർക്കണം. എന്തായാലും ഇക്കാര്യത്തിൽ ഞാൻ ഗവൺമെന്റിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കുകയാണ്.”- നജം സേതി കൂട്ടിച്ചേർക്കുന്നു.
2023 ഏഷ്യാകപ്പിനുശേഷം നടക്കുന്ന വലിയ ടൂർണമെന്റാണ് ലോകകപ്പ്. ലോകകപ്പിന്റെ 13ആം എഡിഷൻ പൂർണമായും ഇന്ത്യയിൽ വച്ചാണ് നടക്കുന്നത്. 2019 ന് ശേഷം നടക്കുന്ന ലോകകപ്പിൽ ഇന്ത്യ തന്നെയാണ് സാധ്യത ടീം. എന്നാൽ ഇന്ത്യ-പാകിസ്ഥാൻ രാഷ്ട്രീയ പ്രശ്നങ്ങൾ ലോകകപ്പിനെ ബാധിക്കുമെന്ന സംശയത്തിലാണ് ക്രിക്കറ്റ് ലോകം.