സമനിലയിൽ ഞങ്ങൾക്ക് നിരാശയില്ല. മെൽബണിൽ തിരിച്ചടിക്കും. രോഹിത് ശർമ്മ

ഗാബയിൽ നടന്ന ആവേശകരമായ ടെസ്റ്റ് മത്സരം മഴമൂലം സമനിലയിൽ അവസാനിക്കുകയാണ് ഉണ്ടായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 445 റൺസായിരുന്നു തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ പതറി. എന്നാൽ 260 റൺസ് സ്വന്തമാക്കി ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 89 റൺസിൽ ഡിക്ലയർ ചെയ്യുകയും ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയും ചെയ്തു. എന്നാൽ ശേഷം മഴയെത്തിയതോടെ മത്സരം സമനിലയായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെപ്പറ്റി നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ സമനില നേടാൻ സാധിച്ചത് തങ്ങൾക്ക് വലിയ നിരാശ ഉണ്ടാക്കുന്നില്ല എന്നാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. “ഞങ്ങൾ ഈ സമനില നന്നായി തന്നെ എടുക്കുന്നു. മത്സരത്തിനിടയ്ക്ക് ഇത്തരത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നത് അത്ര നല്ല കാര്യമല്ല. എന്നിരുന്നാലും മെൽബണിൽ അടുത്ത ടെസ്റ്റ് മത്സരത്തിനായി പോകുമ്പോൾ 1- 1 എന്ന നിലയിൽ അവിടെ കളിക്കാനുള്ള ഒരു ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ഈ മത്സരത്തിന്റെ നാലാം ദിവസത്തിൻ ശേഷം വളരെ വ്യത്യസ്തമായ സാഹചര്യമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. മത്സരത്തിൽ ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങളുടെ ബാറ്റർമാർ കുറച്ചു മികച്ച പ്രകടനം കാഴ്ച വെക്കേണ്ടിയിരുന്നു. ആ സമയത്തെ കാലാവസ്ഥ കണക്കിലെടുത്ത് നന്നായി ബാറ്റ് ചെയ്താൽ മാത്രമേ ഞങ്ങൾക്ക് ഫോളോ ഓൺ ഒഴിവാക്കാൻ സാധിക്കുമായിരുന്നുള്ളൂ.”- രോഹിത് പറഞ്ഞു.

“ആ സമയത്ത് ഇന്ത്യയുടെ മികച്ച പ്രകടനത്തിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ രാഹുലിനും ജഡേജയ്ക്കും നൽകുകയാണ്. അവർക്ക് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. മാത്രമല്ല അവസാന സമയങ്ങളിൽ ആകാശ് ദീപും ബുമ്രയും കാഴ്ചവച്ച ബാറ്റിംഗ് പ്രകടനവും ഒരുപാട് സന്തോഷം നൽകുന്നു. നെറ്റ്സിൽ പരിശീലനം നടത്തുന്ന സമയത്ത് അവർ ഇത്തരത്തിൽ കഠിനമായ ബാറ്റിംഗ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. മറുവശത്ത് ബോളിങ്ങിലേക്ക് വരുമ്പോൾ ബൂമ്ര ഈ മത്സരത്തിലും അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവച്ചത്. ആകാശ് ദീപും തരക്കേടില്ലാത്ത പ്രകടനം തന്നെ മത്സരത്തിൽ നടത്തി.”- രോഹിത് കൂട്ടിച്ചേർത്തു.

“ആകാശ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും പുതിയ താരമാണ്. അതുകൊണ്ടുതന്നെ അവൻ ഇനിയും മുൻപിലേക്ക് വരേണ്ടതുണ്ട്. നെറ്റ്സിൽ നന്നായി കഠിനപ്രയത്നം നടത്താൻ അവന് സാധിക്കാറുണ്ട്. ഇങ്ങനെ കഠിനമായി പ്രയത്നിച്ചാലെ അവന് ഇനിയും മുൻപിലേക്ക് എത്താൻ സാധിക്കൂ. എന്നിരുന്നാലും ബാറ്റിംഗിൽ അവൻ കാട്ടിയ മികവ് വളരെ സന്തോഷം നൽകുന്നതാണ്. ഇത്തരത്തിലുള്ള മനോഭാവമാണ് നമ്മുടെ ടീമിന് ആവശ്യം.”- രോഹിത് ശർമ പറഞ്ഞുവെക്കുന്നു.

Previous articleആ യുഗം അവസാനിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ കളി അവസാനിപ്പിച്ചു.