തങ്ങളുടെ രണ്ടാം മത്സരത്തിലും ദയനീയമായ പരാജയമാണ് രാജസ്ഥാൻ റോയൽസിന് ഏറ്റുവാങ്ങേണ്ടി വന്നത്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് അടിതെറ്റുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 151 റൺസ് മാത്രമാണ് രാജസ്ഥാന് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത അനായാസം ഈ സ്കോർ മറികടക്കുകയുണ്ടായി. ഡികോക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കൊൽക്കത്തയെ രക്ഷിച്ചത്. 8 വിക്കറ്റുകൾക്കായിരുന്നു കൊൽക്കത്തയുടെ ഈ വിജയം. മത്സരത്തിലെ പരാജയത്തിന് ശേഷം രാജസ്ഥാൻ നായകൻ പരാഗ് സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ വേണ്ടരീതിയിൽ റൺസ് സ്വന്തമാക്കാൻ സാധിക്കാതെ വന്നതാണ് പരാജയത്തിൽ കലാശിക്കാൻ കാരണമായി മാറിയത് എന്ന് പരാഗ് പറഞ്ഞു. “ഇവിടെ 170 എന്നത് വളരെ മികച്ച ഒരു സ്കോർ ആയിരുന്നു. ആ ഒരു സ്കോറിൽ എത്താനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ ആദ്യസമയത്ത് ഞങ്ങൾക്ക് അൽപം ധൃതി കൂടിപ്പോയതായി തോന്നി. 20 റൺസ് പിന്നിലാണ് ഞങ്ങൾക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ ഡികോക്കിനെ തുടക്കത്തിൽ തന്നെ പുറത്താക്കുക എന്നതായിരുന്നു തന്ത്രം. അത് ഇവിടെ ഫലവത്തായില്ല. ശേഷം മധ്യ ഓവറുകളിൽ മത്സരം പിടിച്ചെടുക്കാനായി ഞങ്ങൾ ശ്രമിച്ചു. പക്ഷേ അവിടെയും ഡികോക്ക് വളരെ നന്നായി കളിച്ചു.”- പരാഗ് പറഞ്ഞു.
“കഴിഞ്ഞ സീസണിൽ ടീം എന്നോട് ആവശ്യപ്പെട്ടത് നാലാം നമ്പറിൽ ബാറ്റ് ചെയ്യാനായിരുന്നു. ഞാൻ അതിൽ വളരെ സന്തോഷവാനായിരുന്നു. ഇത്തവണ ടീമിന് ആവശ്യം ഞാൻ മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യുക എന്നതാണ്. ഒരു പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയ്ക്ക് ഞാൻ അതിന് തയ്യാറാകുന്നു. ടീമിന് എന്താണോ ആവശ്യം, അതിനനുസരിച്ച് മുൻപോട്ടു പോകാനാണ് ഞാൻ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷത്തെ ടീമിനെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഞങ്ങളുടെ ടീം അല്പം ചെറുതാണ്. അതുകൊണ്ടു തന്നെ എല്ലാ താരങ്ങളും മുൻപിലേക്ക് വന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതുണ്ട്.”
“ചില സാഹചര്യങ്ങളിൽ നന്നായി കളിക്കാനുള്ള അവസരം ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ എല്ലാവരും ഒരുമിച്ചു വന്നാൽ മാത്രമേ മത്സരങ്ങളിൽ മികച്ച ഫലങ്ങൾ ഉണ്ടാവുകയുള്ളൂ. ഇത്തരം പിഴവുകളിൽ നിന്ന് ഞങ്ങൾ കൂടുതൽ കാര്യങ്ങൾ പഠിക്കും. അതാണ് ഞങ്ങൾ ചെയ്യേണ്ടത്. വരുന്ന മത്സരങ്ങളിൽ ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. ഒരു പുതിയ മാനസിക അവസ്ഥയുമായി ആവും ഞങ്ങൾ ചെന്നൈയുമായുള്ള മത്സരത്തിൽ മൈതാനത്ത് എത്തുക.”- പരാഗ് പറഞ്ഞുവയ്ക്കുന്നു.