ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് വമ്പൻ വരവേൽപ്പുമായി ജന്മനാട്. ലോകകപ്പുമായി ഡൽഹിയിൽ നിന്ന് വിസ്താര വിമാനത്തിൽ മുംബൈയിൽ എത്തിയ ഇന്ത്യൻ ടീമിനെ വാട്ടർ സല്യൂട്ട് നൽകിയാണ് അധികൃതർ സ്വീകരിച്ചത്. വിമാനത്താവളത്തിലെ അഗ്നിശമനസേന വിഭാഗമാണ് ഇത്തരത്തിലുള്ള സ്വീകരണം നൽകി ഇന്ത്യൻ ടീമിനെ ആനയിച്ചത്.
വിമാനത്തിന് മുമ്പിലായി അഗ്നിശമന സേനാംഗങ്ങൾ ഇന്ത്യൻ പതാകയേന്തിയ വാഹനങ്ങളുമായി അകമ്പടി സേവിക്കുകയുണ്ടായി. വൈകിട്ട് 3 മണിക്ക് ലോകകപ്പ് വിക്ടറി പരേഡിനായി തയ്യാറെടുത്ത ഇന്ത്യൻ ടീമിനെ ആയിരക്കണക്കിന് ആരാധകരാണ് വിമാനത്താവളത്തിൽ സ്വീകരിക്കാനായി എത്തിയത്.
Team India's flight UK1845 got a water salute from Mumbai airport. 😍😍🔥🔥 The craze for #TeamIndia is beyond imagination! Can't wait to see the scenes at Marine Drive #indiancricketteam #VictoryParade pic.twitter.com/Pdt8WwU6Cq
— Prathmesh Pophale 🇮🇳 (@Prath_Pophale11) July 4, 2024
ആരാധകരുടെ ആർപ്പുവിളികൾക്കിടയിലൂടെ ആയിരുന്നു ഓരോ ഇന്ത്യൻ താരങ്ങളും വാങ്കഡേയിലേക്ക് തിരിക്കാനായി ടീം ബസ്സിൽ കയറിയത്. എന്നാൽ ഇന്ത്യയുടെ ആഘോഷങ്ങൾക്കിടെ മഴയെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. മറൈൻ ഡ്രൈവിൽ വൈകിട്ട് 5 മണിക്ക് വിക്ടറി പരേഡ് ആരംഭിക്കുമെന്ന് മുൻപ് അറിയിച്ചിരുന്നുവെങ്കിലും, മഴയെ തുടർന്ന് ഇത് നീക്കി വയ്ക്കുകയാണ് ഉണ്ടായത്. പിന്നീട് മഴ മാറിയതിന് ശേഷമാണ് ഇത്തരം കാര്യങ്ങളിലേക്ക് ടീം കടന്നത്. രാവിലെ 6 മണിയോട് കൂടിയായിരുന്നു ഇന്ത്യൻ ടീം അംഗങ്ങൾ ജന്മനാട്ടിൽ കാലുകുത്തിയത്. ബോയിങ് 777 വിമാനത്തിൽ ബാർബഡോസിൽ നിന്ന് ഡൽഹിയിലാണ് ടീം വിമാനം ഇറങ്ങിയത്.
ശേഷം ഉടൻതന്നെ തങ്ങളുടെ ഹോട്ടലിലേക്ക് തിരിച്ച ടീം അംഗങ്ങൾ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി നരേന്ദ്രമോദിയുമൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം താരങ്ങൾ മുംബൈയിലേക്ക് വിമാനം കയറുകയാണ് ഉണ്ടായത്. വിക്ടറി പരേഡിന് ശേഷമായിരുന്നു വാങ്കഡേയിൽ താരങ്ങളെ ആദരിക്കുന്ന ചടങ്ങ് ഒരുക്കിയിരുന്നത്. ആഘോഷങ്ങൾക്കായി സ്റ്റേഡിയത്തിന്റെ പ്രവേശനം സൗജന്യമായതിനാൽ തന്നെ ആയിരക്കണക്കിന് ആരാധകർ രാവിലെ മുതൽ എത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്ര നിമിഷമാണ് നടക്കുന്നത്.
ട്വന്റി20 ലോകകപ്പിൽ അജയ്യമായ കുതിപ്പ് തുടർന്നാണ് ഇന്ത്യ ഈ വമ്പൻ കിരീടം സ്വന്തമാക്കിയത്. ലോകകപ്പിൽ നേരിട്ട എല്ലാ ടീമുകളെയും പരാജയപ്പെടുത്താൻ രോഹിത് ശർമയ്ക്കും കൂട്ടർക്കും സാധിച്ചിരുന്നു. ഫൈനൽ മത്സരത്തിലും ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 17 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പിലായിരുന്നു ഇതിന് മുൻപ് ഇന്ത്യ കിരീടം നേടിയത്. ശേഷം 2011 ഏകദിന കിരീടവും 2013 ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. പക്ഷേ ഇതിന് ശേഷം ഐസിസി ഇവന്റ്കളിൽ വിജയികളാവാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നില്ല. എന്നാൽ എല്ലാത്തിനുമുള്ള മറുപടി 2024ൽ നൽകിയിരിക്കുകയാണ് രോഹിത് ശർമയും കൂട്ടരും.