വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ ക്യാച്ച് സ്വന്തമാക്കി പേസർ മുഹമ്മദ് സിറാജ്. മത്സരത്തിന്റെ ആദ്യ ദിവസത്തെ ഉച്ചഭക്ഷണത്തിന് തൊട്ടുമുൻപാണ് സിറാജ് ഒരു കിടിലൻ ക്യാച്ച് സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തിയ ബ്ലാക്വുഡിന്റെ വിക്കറ്റാണ് ഇതോടെ ഇന്ത്യക്ക് ലഭിച്ചത്. ജഡേജയായിരുന്നു ആ സമയത്ത് പന്ത് എറിഞ്ഞത്. അതിനിർണായകമായ ഈ ക്യാച്ച് സിറാജ് കൈപ്പടിയിൽ ഒതുക്കിയതോടുകൂടി ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ശക്തമായ ആധിപത്യം മത്സരത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
മത്സരത്തിൽ വെസ്റ്റിൻഡീസ് ഇന്നിങ്സിലെ 28ആം ഓവറിലെ അവസാന പന്തിലാണ് സംഭവം അരങ്ങേറിയത്. ജഡേജയായിരുന്നു ഓവർ എറിഞ്ഞത്. ഉച്ചഭക്ഷണത്തിന് മുൻപുള്ള അവസാന ബോൾ ജഡേജ ഓഫ് സ്റ്റമ്പിന് പുറത്താണ് എറിഞ്ഞത്. എന്നാൽ തന്റെ ക്ഷമ നശിച്ച ബ്ലാക്ക്വുഡ് പന്ത് ജഡജയുടെ തലയ്ക്കു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ചു. പക്ഷേ വേണ്ട രീതിയിൽ പന്തിനെ കണക്ട് ചെയ്യാൻ ബ്ലാക്ക്വുഡിന് സാധിക്കാതെ വന്നു. ഇതോടെ പന്ത് മിഡോഫിനു മുകളിൽ ഉയരുകയായിരുന്നു. മിഡ് ഓഫീൽ നിന്ന് സിറാജ് അല്പം ഓടി ഒറ്റക്കൈയിൽ ഒരു ഡൈവിലൂടെ ക്യാച്ച് സ്വന്തമാക്കി.
തന്റെ കൈമുട്ടിടിച്ച് മൈതാനത്തേക്ക് വീണെങ്കിലും ക്യാച്ച് സിറാജ് വിട്ടില്ല. ഇതോടെ ബ്ലാക്ക്വുഡ് കൂടാരം കയറുകയും ചെയ്തു. 34 പന്തുകളിൽ 14 റൺസാണ് ബ്ലാക്ക്വുഡ് മത്സരത്തിൽ നേടിയത്. ഇതോടെ വിൻഡീസ് 68ന് 4 എന്ന നിലയിൽ തകരുകയും ചെയ്തു. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ അതി സൂക്ഷ്മമായിയാണ് വെസ്റ്റിൻഡീസ് ഓപ്പണർമാർ കളിച്ചത്. എന്നാൽ രവിചന്ദ്രൻ അശ്വിൻ ബോളിംഗ് ക്രീസിലെത്തിയതോടെ മത്സരത്തിന്റെ ഗതി മാറിമറിയുകയായിരുന്നു.
രണ്ട് ഓപ്പണർമാരെയും ചെറിയ ഇടവേളയിൽ കൂടാരം കയറ്റാൻ അശ്വിന് സാധിച്ചു. ഒപ്പം താക്കൂറും രവീന്ദ്ര ജഡേജയും വിൻഡീസിന് ഭീഷണി ഉയർത്തി. ഇരുവരും ഓരോ വിക്കറ്റുകൾ വീതം നേടിയിട്ടുണ്ട്. ഇതോടെ വിൻഡീസ് ബാറ്റിംഗ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിനം തന്നെ വിൻഡീസിനെ ഓൾഔട്ടാക്കിയ ശേഷം വലിയൊരു ലീഡ് കണ്ടെത്താനാണ് ഇന്ത്യയുടെ ശ്രമം.