കളത്തിലെ പ്രകോപനത്തിനു പേരു കേട്ട താരമാണ് ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസ്സന്. കളത്തില്‍ പല തവണ ഷാക്കീബിനു തന്റെ ശാന്തത കൈവിട്ടിട്ടുണ്ട്. അംപയറുമായി കയര്‍ത്ത് സ്റ്റംപ് അടിച്ച് തെറിപ്പിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും പ്രകോപനപരമായ പെരുമാറ്റത്തിന്റെ പേരില്‍ വീണ്ടും തലക്കെട്ടുകളില്‍ ഇടം പിടിക്കുകയാണ് ഷാക്കീബ് അല്‍ ഹസ്സന്.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഫോര്‍ച്യൂണ്‍ ബാരിഷാലും സില്‍ഹറ്റ് സ്ട്രൈക്കേഴ്സും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു സംഭവം. അംപയര്‍ വൈഡ് നല്‍കാത്തതിനെ തുടര്‍ന്നാണ് ഷാക്കീബിനു ശാന്തത കൈവിടാനുള്ള സാഹചര്യം ഉണ്ടായത്. രണ്ട് അംപയര്‍മാരുടെയും നേരെ എത്തിയ ഷാക്കീബ് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.
മത്സരത്തില്‍ ഷാക്കീബ് അല്‍ ഹസ്സന് 32 പന്തില്‍ 7 ഫോറും 4 സിക്സും സഹിതം 67 റണ്‍സ് നേടി. അതേ സമയം ബോളിംഗില്‍ ഷാക്കീബ് 4 ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ 19 ഓവറില്‍ സില്ഹിറ്റ് സ്ട്രൈക്കേഴ്സ് 195 റണ്‍സ് വിജയലക്ഷ്യം മറികടന്നു.