ഐസിസി ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പാക്കിസ്ഥാനു വിജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു. 51 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാക്കിസ്ഥാന്‍റെ ടോപ്പ് സ്കോറര്‍. അവസാന നിമിഷം തുടരെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചു വന്നു.
എന്നാല്‍ 12 പന്തില്‍ 24 റണ്‍സ് വിജയലക്ഷ്യം വേണമെന്നിരിക്കെ അഫ്ഗാന്‍ വിജയിച്ചു എന്ന് ചെറിയ രീതിയില്‍ പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും വിധി മറ്റൊന്നായിരുന്നു. കരീം ജനത്ത് എറിഞ്ഞ 19ാം ഓവറില്‍ തന്നെ ആസിഫ് അലി പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു. ആ ഓവറില്‍ നാലു സിക്സറുകളാണ് പിറന്നത്. 18ാം ഓവറിന്‍റെ അവസാന പന്തില്‍ ഷഡബ് ഖാന്‍ സിംഗിളിനു ശ്രമിച്ചെങ്കിലും ആസിഫ് അലി നിരസിക്കുകയും ഫിനിഷിങ്ങ് ജോലി ഏറ്റെടുക്കുകയായിരുന്നു.
7 പന്തില്‍ നിന്നുമാണ് ആസിഫ് അലി 25 റണ്‍സ് നേടിയത്. സ്ട്രൈക്ക് റേറ്റ് – 357.14. നേരത്തെ ന്യൂസിലന്‍റിനെതിരായ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 12 പന്തില്‍ 27 റണ്‍സാണ് നേടിയത്. ഈ ലോകകപ്പില്‍ ഇതുവരെ ആസിഫ് അലിയുടെ ബാറ്റില്‍ നിന്നും 19 പന്തില്‍ നിന്നായി 7 സിക്സും 1 ഫോറും പിറന്നു.