ശ്രീലങ്കക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ 67 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ വിജയിച്ചെങ്കിലും ആശങ്കാജനകമായ ഒരു കാര്യം പങ്കുവച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ബാറ്റ് ചെയ്യാനറിയാത്ത വാലറ്റത്തിന്‍റെ ആശങ്കയാണ് വസീം ജാഫര്‍ പങ്കു വച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അനായാസം 400 റണ്‍സില്‍ എത്തുമെന്ന് തോന്നിച്ചെങ്കിലും 374 റണ്‍സില്‍ ഒതുങ്ങി. അവസാന 3 ഓവറില്‍ 17 റണ്‍സ് മാത്രമാണ് പിറന്നത്.
“മുഹമ്മദ് ഷമി എട്ടാം നമ്പറിൽ വരുന്നത് കണ്ടു, അത് എന്നെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഇന്ത്യ 370 റൺസെടുത്തെങ്കിലും ഷമിയും മുഹമ്മദ് സിറാജും ചേര്‍ന്ന് അവസാന മൂന്ന് ഓവറിൽ 17 റൺസ് മാത്രമാണ് നേടിയത്. ഇത് ആശങ്കാജനകമായ ഒരു കാര്യമാണ്, പ്രത്യേകിച്ചും റൺസ് ചേസിനിടെ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ ഓവറിന് 8-10 എന്ന നിരക്കിൽ റൺസ് ആവശ്യമുള്ളപ്പോൾ. ഷമി എട്ടാം നമ്പറിൽ എത്തിയാൽ, ഇന്ത്യക്ക് എങ്ങനെ പിന്തുടരാനാകുമെന്നത് ആശങ്കാജനകമാണ് ” ജാഫർ പറഞ്ഞു.
ഇതിനൊരു പരിഹാരവും വസീം ജാഫര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും വരുന്നതിനൊപ്പം ഓള്‍റൗണ്ടര്‍മാരായ വാഷിംഗ്‌ടണ്‍ സുന്ദറിനെയോ ഷര്‍ദുല്‍ ഠാക്കൂറിനേയോ കളിപ്പിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം എന്നാണ് ജാഫര്‍ നിര്‍ദ്ദേശിക്കുന്നത്.