മൈതാനത്ത് ശത്രുക്കളാണെങ്കിലും മൈതാനത്തിന് പുറത്ത് എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങൾ. ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ വിജയം നേടിയത്. എന്നാൽ മത്സരത്തിന് ശേഷം ഹൃദയസ്പർശിയായ ഒരു നിമിഷം മൈതാനത്ത് സംഭവിച്ചു.
പാക്കിസ്ഥാൻ നായകൻ ബാബർ ആസമിന്, താൻ ഒപ്പുവെച്ച ടീ ഷർട്ട് വിരാട് കോഹ്ലി സമ്മാനമായി നൽകുന്ന രംഗമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇരു താരങ്ങളും തമ്മിലുള്ള ആത്മബന്ധം ചൂണ്ടിക്കാട്ടുന്ന നിമിഷങ്ങളാണ് ഇത് എന്ന് ആരാധകർ പറയുന്നു. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം.
ഒരു കാരണവശാലും മത്സരം കഴിഞ്ഞ ശേഷം ബാബർ ആസാം വിരാട് കോഹ്ലിയുടെ കയ്യിൽ നിന്ന് സമ്മാനമായി ജേഴ്സി വാങ്ങാൻ പാടില്ലായിരുന്നു എന്നാണ് അക്രം പറയുന്നത്. അത് ആരാധകർക്കടക്കം വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട് എന്നും അക്രം ചൂണ്ടിക്കാട്ടുന്നു. ഒരു ഷോയിൽ സംസാരിക്കവേയാണ് അക്രം ഇത് പറഞ്ഞത്.
“വിരാട് കോഹ്ലിയിൽ നിന്ന് ബാബർ ആസാം രണ്ട് ഷർട്ടുകൾ വാങ്ങുന്നത് ഞാൻ കണ്ടിരുന്നു. ഇതിന്റെ വീഡിയോ എന്നെ എല്ലാവരും നിരന്തരം കാണിക്കുന്നുണ്ട്. പക്ഷേ തങ്ങളുടെ ആരാധകർ ഇത്രമാത്രം വേദനയിലിരിക്കുന്ന സമയത്ത് ബാബർ ഇത്തരമൊരു കാര്യം ചെയ്തത് നിരാശയുണ്ടാക്കുന്നു. ഇത് വളരെ പ്രൈവറ്റായ ഒരു കാര്യമാണ്. തുറന്ന മൈതാനത്ത് ബാബർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.”- അക്രം പറഞ്ഞു.
“ഇങ്ങനെ ഒരു കാര്യം ചെയ്യേണ്ട ദിവസം ഇന്നായിരുന്നില്ല. അതുകൊണ്ടാണ് അത്തരമൊരു ചിത്രം കണ്ടപ്പോൾ ഞാൻ എന്റെ അഭിപ്രായം പറഞ്ഞത്. ഇന്നത്തെ ദിവസം ബാബർ അങ്ങനെ ചെയ്തത് ശരിയായില്ല. ഒരുപക്ഷേ ബാബറിന്റെ സഹോദര പുത്രനോ മറ്റോ കോഹ്ലിയുടെ ഷർട്ട് ആവശ്യപ്പെട്ടിരിക്കാം. പക്ഷേ അത് മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ വച്ച് വാങ്ങണമായിരുന്നു. ഇത്തരത്തിൽ മൈതാനത്തുനിന്ന് എല്ലാവരുടെയും മുമ്പിൽ വെച്ച് വാങ്ങിയത് ശരിയായില്ല.”- വസീം അക്രം കൂട്ടിച്ചേർത്തു
മത്സരത്തിലെ പരാജയത്തിൽ വലിയ നിരാശ തന്നെയാണ് പാക്കിസ്ഥാൻ നായകൻ ബാബർ ആസമിൽ ഉണ്ടായത്. മത്സരത്തിന്റെ തുടക്കത്തിൽ 280ന് മുകളിൽ ഒരു സ്കോറിൽ പാകിസ്ഥാനെത്തും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഇന്ത്യൻ ബോളർമാർ ശക്തമായി തിരിച്ചുവരവ് നടത്തിയതോടെ പാകിസ്ഥാൻ 191 റൺസിൽ ഒതുങ്ങുകയായിരുന്നു. തീർച്ചയായും അഹമ്മദാബാദിലേത് കേവലം 191 റൺസിനുള്ള പിച്ചായിരുന്നില്ല എന്ന് ബാബർ മത്സരശേഷം പറയുകയുണ്ടായി. ഒപ്പം നായകൻ രോഹിത് ശർമയുടെ ബാറ്റിംഗ് പ്രകടനനത്തെയും ബാബർ അസം പ്രശംസിച്ചിരുന്നു.