നാട്ടിൽ പാകിസ്ഥാൻ, ഇംഗ്ലണ്ടിനോട് തോറ്റതും ‘ഡിജെ’ ഇല്ലാത്തതുകൊണ്ടാവും. പരിഹാസവുമായി വസിം ജാഫർ.

ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയമറിഞ്ഞതോടെ വലിയ നിരാശയിലാണ് പാക്കിസ്ഥാൻ. എന്നാൽ വളരെ വിചിത്രമായ ന്യായീകരണവുമായി ആയിരുന്നു പാക്കിസ്ഥാന്റെ ടീം ഡയറക്ടർ മിക്കി ആർതർ മത്സരശേഷം രംഗത്തെത്തിയത്. ഇന്ത്യൻ ടീമിന് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ലഭിച്ച പിന്തുണയാണ് പാകിസ്ഥാന്റെ പരാജയത്തിന് ഒരു കാരണമായത് എന്ന് ആർതർ പറഞ്ഞത്.

മത്സരത്തിൽ ഇന്ത്യയെ പൂർണമായും എല്ലാവരും പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും, മത്സരം ഒരു ബിസിസിഐ പരിപാടി പോലെയാണ് തനിക്ക് തോന്നിയതെന്നും ആർതർ പറഞ്ഞിരുന്നു. ഇതിനെ ട്രോളികൊണ്ടാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം വസീം ജാഫർ രംഗത്ത് എത്തിയിരിക്കുന്നത്.

പാക്കിസ്ഥാൻ തങ്ങളുടെ മണ്ണിൽ ഇംഗ്ലണ്ട് ടീമിനോടും ഓസ്ട്രേലിയൻ ടീമിനോടും മുൻപ് പരാജയമറിഞ്ഞിരുന്നു. ഇക്കാര്യം എടുത്തുകാട്ടിയാണ് ജാഫറിന്റെ തകർപ്പൻ ട്രോൾ. എന്തുകൊണ്ടാണ് പാക്കിസ്ഥാൻ തങ്ങളുടെ നാട്ടിൽ പരമ്പര തോറ്റത് എന്ന് തനിക്ക് ഇപ്പോഴാണ് ഉത്തരം കിട്ടിയത് എന്നാണ് മിക്കി ആർതറിനോട് ജാഫർ പറയുന്നത്.

“പാക്കിസ്ഥാൻ എങ്ങനെയാണ് അവരുടെ നാട്ടിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെ പരാജയമറിഞ്ഞത് എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. എന്നാൽ എനിക്കിപ്പോൾ കാര്യങ്ങൾ മനസ്സിലായി. ഞാൻ മിക്കി ആർതറിനോട് നന്ദി പറയുകയാണ്. പാക്കിസ്ഥാനിൽ മത്സരം നടന്ന അവരുടെ സ്റ്റേഡിയത്തിൽ ആവശ്യത്തിന് ഡിജെ ഇല്ലാത്തതും, ‘ദിൽ ദിൽ പാക്കിസ്ഥാൻ’ എന്ന പ്രശസ്തമായ ഗാനം ഉയർന്നു കേൾക്കാത്തതും മൂലമാണ് പാക്കിസ്ഥാൻ ഈ ടീമുകൾക്കെതിരെ പരാജയമറിഞ്ഞത്.”- വസീം ജാഫർ പരിഹസിച്ചു.

“മാത്രമല്ല ഇംഗ്ലണ്ടിനോടും ഓസ്ട്രേലിയയോടുമെതിരെ നടന്ന മത്സരങ്ങളിൽ നീല ജേഴ്സിയിൽ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അതും തോൽവിക്ക് ഒരു കാരണമായിരിക്കാം. ഇപ്പോഴാണ് എനിക്ക് കാര്യങ്ങളൊക്കെയും ബോധ്യമായത്.”- വസീം ജാഫർ പരിഹാസത്തോടെ കുറിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രസകരമായി വസീം ജാഫർ ഇക്കാര്യം പറഞ്ഞത്. മുൻപ് വലിയ വിമർശനങ്ങൾ തന്നെയായിരുന്നു മിക്കി ആർതർ ഇന്ത്യയ്ക്കും ബിസിസിഐയ്ക്കുമെതിരെ വെച്ചത്. മത്സരം ഒരു ഐസിസി ഇവന്റായി തനിക്ക് തോന്നിയില്ലെന്നും, ബിസിസിഐ പരിപാടിയായാണ് തോന്നിയതെന്നും ആർതർ പറഞ്ഞു.

ഒപ്പം മൈതാനത്തെ ആവേശം ഒരുതരത്തിൽ പാകിസ്താനെ ബാധിച്ചു എന്നാണ് ആർതർ പറഞ്ഞത്. കാണികൾ ആഘോഷത്തിലായതിനാൽ തന്നെ കളിക്കാരുമായി തങ്ങൾക്ക് സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു എന്നും ആർതർ പറഞ്ഞു. ആർതറിന്‍റെ ഈ പ്രതികരണത്തോട് പലരും വിമർശനം ഉന്നയിക്കുകയുണ്ടായി. മുൻ പാക്കിസ്ഥാൻ നായകൻ വസീം അക്രം ഉൾപ്പെടെയുള്ളവർ ആർതറിന്റെ ഈ ന്യായീകരണത്തിനെതിരെ രംഗത്ത് വന്നിരുന്നു.

Previous articleവില്ലൻ ഹീറോയായപ്പോൾ. ബട്ലറിന്റെ വിക്കറ്റ് നേടിയ നവീനായി ആർപ്പുവിളിച്ച് ഇന്ത്യൻ ആരാധകർ.
Next article“ഇന്ത്യ 2011 ലോകകപ്പ് ആവർത്തിക്കുകയാണ്”. താനും വിശ്വസിക്കുന്നു എന്ന് അക്തർ.