ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭാവിയിൽ നയിക്കാൻ പന്തും രാഹുലും അല്ല യോഗ്യർ എന്ന് വസീം ജാഫർ. പകരം ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ ഹർദിക് പാണ്ട്യ ആണെന്ന് മുൻ താരം അഭിപ്രായപ്പെട്ടു. രോഹിത് ശർമയുടെ അഭാവത്തിൽ ഹർദ്ദിക്കാണ് ഇന്ത്യൻ ടീമിനെ മുന്നോട്ടുകൊണ്ടുപോകാൻ കെൽപ്പുള്ള നായകൻ എന്നാണ് വസീം ജാഫർ പറഞ്ഞത്.
“പന്തും രാഹുലും അല്ല. ഹർദിക്കാണ് ഇന്ത്യൻ ടീമിനെ മുന്നോട്ടുകൊണ്ടുപോകാൻ കെൽപ്പുള്ള നായകൻ.രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കേണ്ടത് ഹർദിക് തന്നെയാവണം. ഒരു നേതാവിന് വേണ്ട എല്ലാ കഴിവുകളും ഹർദിക്കിനുണ്ട്. ഒരാളിൽ നിന്ന് അയാളുടെ മികച്ച കഴിവ് പുറത്തെടുക്കാനും ആളുകളെ നിയന്ത്രിക്കാനും ഹർദിക്കിന് അസാമാന്യമായ പ്രത്യേക കഴിവുണ്ട്.
സമ്മർദ്ദം ഇല്ലാതെ കളിക്കാനും സ്വന്തം കഴിവ് പ്രദർശിപ്പിക്കാനും അവന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ ടീമിൻ്റെ ഭാവി നായകനാവാൻ അവന് സാധിക്കും എന്ന് ഞാൻ പറഞ്ഞത്. അവന് തന്നെയാണ് ഏറ്റവും വലിയ യോഗ്യത. രോഹിത് ശർമയുടെ അഭാവത്തിൽ ഏകദിന ടി-20 ഫോർമാറ്റുകളിൽ കൂടുതൽ അവസരം ഹർദിക്കിന് നൽകാൻ സെലക്ടർമാർ തയ്യാറാകണം.”-വസീം ജാഫർ പറഞ്ഞു.
ഐ പി എല്ലിൽ ഇത്തവണ കിരീടം ഉയർത്തിയ പുതുമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ചത് ഹർദിക് പാണ്ഡ്യ ആയിരുന്നു. ആ നായക മികവിനെയും ജാഫർ പ്രകീർത്തിച്ചു.”സാഹചര്യങ്ങൾക്കനു സരിച്ച് കളിക്കുന്ന ആളാണ് അവൻ. ഉത്തരവാദിത്വങ്ങൾ അവൻ ആസ്വദിക്കുന്നു. കഴിവുള്ളവരെ ക്യാപ്റ്റൻസിയിൽ പദവിയിൽ എത്തിക്കുന്നത് എന്തുകൊണ്ടും ടീമിന് നല്ലതാണ്.”-വസീം ജാഫർ കൂട്ടിച്ചേർത്തു.