എത്ര വലിയ മികച്ച പ്രകടനങ്ങൾ പുറത്തെടുത്താലും ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വരുന്ന താരമാണ് സഞ്ജു സാംസൺ. ഈ സീസണിൽ 16 ഇന്നിംഗ്സുകളിൽ നിന്ന് 444 റൺസ് ആണ് താരം നേടിയിട്ടുള്ളത്. മാത്രമല്ല ടൂര്‍ണമെന്‍റില്‍, രാജസ്ഥാൻ റോയൽസിനു വേണ്ടി ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡും താരം സ്വന്തമാക്കി. തൻ്റെ ഇന്നിംഗ്സുകൾ വലിയ സകോറുകൾ ആക്കി മാറ്റാൻ പറ്റാത്തതാണ് താരത്തിനെതിരെ കൂടുതലും വരുന്ന വിമർശനങ്ങൾക്ക് കാരണമാകുന്നത്.
ഇപ്പോളിതാ സഞ്ജുവിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വസീം ജാഫറും, ദീപ് ദാസ്ഗുപ്തയും. കഴിഞ്ഞ രണ്ടു സീസണുകളിൽ രാജസ്ഥാൻ റോയൽസിൻ്റെ നായകനായി കൂടുതൽ സ്ഥിരതയുള്ളവനായും പക്വതയുള്ളവനായും സഞ്ജു മാറി ദാസ് ഗുപ്ത എന്നാണ് അഭിപ്രായപ്പെട്ടത്. സഞ്ജു സാംസണ്‍ ഇംപാക്ട് ഉണ്ടാക്കുന്ന പ്രകടനങ്ങള്‍ തീർച്ചയായും കളിച്ചിട്ടുണ്ട് എന്നാണ് വസീം ജാഫർ അഭിപ്രായപ്പെട്ടത്.
” ഈ സീസണിൽ ചില സമയങ്ങളിൽ അദ്ദേഹം ടീമുകളെ മുന്നിലെത്തിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ രണ്ട് സീസണുകളിൽ, സഞ്ജു തന്റെ സമീപനത്തിൽ കൂടുതൽ സ്ഥിരതയുള്ളവനും പക്വതയുള്ളവനുമായി. ജോസ് ബട്ട്‌ലറെ പോലെയുള്ള ഒരാളെ മികച്ച രീതിയിൽ കളിക്കാൻ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് സഹായിച്ചു. ബട്ട്‌ലർ കളിക്കുന്നത് പോലെയാണ് കളിക്കുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം, ഈ സീസണിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചു. ബട്ട്‌ലർ സമ്മർദത്തിലല്ലെന്ന് ഉറപ്പുവരുത്തിയ സഞ്ജു വലിയ റൺസ് നേടാത്തതിനെ ഞാൻ വിമർശിക്കില്ല ” ദാസ്ഗുപ്ത പറഞ്ഞു.
അതേ സമയം ടി20 യില്‍ ആവറേജ് നോക്കുന്നതില്‍ കാര്യമില്ലാ എന്നാണ് മുന്‍ താരമായ വസീം ജാഫര്‍ അഭിപ്രായപ്പെട്ടത്. പകരം സ്ട്രൈക്ക് റേറ്റാണ് പ്രധാന കാര്യമെന്ന് മുന്‍ താരം പറഞ്ഞു. ” നിങ്ങൾ മൂന്നോ നാലോ നമ്പറിൽ ബാറ്റ് ചെയ്യുകയാണെങ്കിൽ, 14-15 ഓവർ ബാറ്റ് ചെയ്യാൻ കഴിഞ്ഞാല്‍, തുടർന്ന് അടുത്ത ബാറ്റർമാർക്ക് എതിരാളികളെ തകർക്കാന്‍ കഴിയും, സാംസൺ അത് ചെയ്തു. എന്നിരുന്നാലും, ടൈറ്റൻസിനെതിരെ മൂന്നോ അതിലധികമോ ഓവർ ബാറ്റ് ചെയ്തിരുന്നെങ്കിൽ, അദ്ദേഹം 70-ഓളം റൺസ് സ്കോർ ചെയ്യുമായിരുന്നു, പക്ഷേ അദ്ദേഹം തീർച്ചയായും സ്വാധീനം ചെലുത്തി. ” ജാഫര്‍ അഭിപ്രായപ്പെട്ടു.