ഇന്ത്യക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിലെ പാകിസ്ഥാൻ ബോളർമാരുടെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് മുൻ പാക് താരം വസീം അക്രം. മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ ചെസ്റ്റ് ഉയരത്തിൽ ബൗൺസ് എറിയാനുള്ള പാക്കിസ്ഥാൻ ബോളർമാരുടെ തന്ത്രത്തെയാണ് വസീം അക്രം ചോദ്യം ചെയ്തത്.
മത്സരത്തിലുടനീളം പാക്കിസ്ഥാൻ ബോളർമാരെ മൈതാനത്തിന്റെ എല്ലാ ദിശകളിലേക്കും അടിച്ചൊതുക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ 63 പന്തുകളിൽ 86 റൺസാണ് രോഹിത് നേടിയത്. രോഹിത്തിനെതിരെ പലപ്പോഴും ഷോർട്ട് ബോളുകൾ എറിയാനാണ് പാകിസ്ഥാൻ ബോളർമാർ ശ്രമിച്ചത്. എന്നാൽ എല്ലാ ബോളുകളിലും ബൗണ്ടറികൾ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വസീം അക്രത്തിന്റെ ആരോപണം.
രോഹിത്തിന്റെ ചെസ്റ്റ് ഉയരത്തിൽ മാത്രം ബൗൺസറുകൾ എറിഞ്ഞത് പാകിസ്താനെ ബാധിച്ചു എന്നാണ് വസിം അക്രം പറയുന്നത്. “പാകിസ്ഥാൻ ബോളർമാർ രോഹിത്തിന്റെ ചെസ്റ്റ് ഉയരത്തിലാണ് ബൗൺസറുകൾ എറിഞ്ഞത്. രോഹിത് 6’5 ഉയരമുള്ള ഒരു ബാറ്ററല്ല. നിങ്ങൾ ബൗൺസർ എറിയാൻ തീരുമാനിച്ചിരുന്നുവെങ്കിൽ അയാളുടെ മുഖത്തിന്റെ ഉയരത്തിലെങ്കിലും എറിയണമായിരുന്നു.
അതും സ്റ്റമ്പിന് പുറത്ത് എറിയാൻ ശ്രമിക്കണമായിരുന്നു. അങ്ങനെയെങ്കിൽ രോഹിത് പുൾ ചെയ്യാൻ ശ്രമിക്കവേ സ്ക്വയർ ലെഗിലോ ഫൈൻ ലെഗിലോ ക്യാച്ചായി മാറിയേനെ. എന്നാൽ അയാളുടെ ചെസ്റ്റിന്റെ ഉയരത്തിൽ ബൗൺസർ എറിഞ്ഞാൽ അത് ബൗണ്ടറി കടക്കുക തന്നെ ചെയ്യും.”- അക്രം പറഞ്ഞു.
മത്സരത്തിൽ മുഹമ്മദ് റിസ്വാന്റെ വിക്കറ്റെടുത്ത ബുമ്രയുടെ ബോളിനെ പറ്റിയും അക്രം സംസാരിച്ചിരുന്നു. “ക്രീസിലുറച്ച ഒരു ബാറ്റർക്കെതിരെ കൃത്യമായ ഒരു സ്ലോബോൾ എറിയുക എന്നത് ചെറിയ കാര്യമല്ല. റിസ്വാൻ പുറത്തായ പന്ത് അവിസ്മരണീയം തന്നെയായിരുന്നു. ഏതു ബാറ്ററും അങ്ങനെയൊരു പന്തിൽ പുറത്തായേക്കാം. മൈതാനത്ത് കുത്തിയതിന് ശേഷം പന്ത് നന്നായി ഉള്ളിലേക്ക് വരികയുണ്ടായി. ശേഷം അത് കൃത്യമായി റിസ്വാന്റെ ഓഫ് സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു.”- അക്രം കൂട്ടിച്ചേർത്തു.
ഒപ്പം മത്സരത്തിൽ പാകിസ്ഥാൻ നടത്തിയ മോശം ബാറ്റിംഗിനെ വിമർശിച്ചുകൊണ്ട് മുൻ താരം മിസ്ബായും സംസാരിച്ചു. “പാകിസ്താന്റെ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ, ഏഷ്യാകപ്പിലായാലും 2019 ലോകകപ്പിലായാലും നമുക്ക് കാണാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്. സ്ലോ പിച്ചുകളിൽ ഏതു തരത്തിൽ കളിക്കണമെന്ന് നമ്മുടെ ബാറ്റർമാർക്ക് അറിയില്ല. സ്പിന്നിനെതിരെ പലപ്പോഴും പാകിസ്ഥാൻ പതറുകയാണ് ചെയ്യുന്നത്.
ഫാസ്റ്റ് ബോളർമാർക്കെതിരെയും മോശം പ്രകടനമാണ് നമ്മൾ നടത്തിയിട്ടുള്ളത്. ഫാസ്റ്റ് ബോളർമാരെ ആക്രമണപരമായി നേരിടാൻ പാകിസ്താന് ഇപ്പോഴും അറിയില്ല. ഇത് വലിയ രീതിയിലുള്ള സമ്മർദ്ദവും പാക്കിസ്ഥാന് ഉണ്ടാക്കുന്നുണ്ട്. അങ്ങനെ പിഴവുകൾ ഉണ്ടാവുകയും വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്യുന്നു.”- മിസ്ബാ പറഞ്ഞു.