ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ ഇംഗ്ലണ്ട് താരം ജേസൺ റോയിയെ ഗുജറാത്ത് ടൈറ്റൻസാണ് സ്വന്തമാക്കിയത്. പക്ഷേ ബയോ ബബിൾ ക്ഷീണം അദ്ദേഹത്തെ ബാധിച്ചുവെന്നും കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് ഐപിഎൽ 2022 ൽ നിന്ന് പിന്മാറി. ഇതിനു പിന്നാലെ ഇംഗ്ലണ്ട് ബാറ്ററിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് കാരണം വെളിപ്പെടുത്താതെ രണ്ട് മത്സരങ്ങളുടെ അന്താരാഷ്ട്ര വിലക്ക് നല്‍കിയിരുന്നു. ഇപ്പോഴിതാ ഇടവേള എടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചത് തന്നെ പുനരുജ്ജീവിപ്പിച്ചതായി ജേസണ്‍ റോയി വെളിപ്പെടുത്തി.
ഐപിഎൽ 2022 ൽ നിന്ന് പിന്മാറുന്നതിന് മുമ്പ്, ജേസണ്‍ റോയ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിച്ചിരുന്നു, ടൂർണമെന്റില്‍ ആറ് മത്സരങ്ങളിൽ നിന്ന് 50.50 ശരാശരിയില്‍ 170.22 സ്‌ട്രൈക്ക് റേറ്റിലും അദ്ദേഹം 303 റൺസാണ് അടിച്ചെടുത്തത്. തന്റെ മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും, മൈതാനത്തിന് പുറത്ത് മാനസികമായി കാര്യങ്ങൾ തനിക്ക് ശരിയായിരുന്നില്ലെന്ന് റോയ് വെളിപ്പെടുത്തി.
“പിഎസ്‌എല്ലിൽ എനിക്ക് മാനസികമായി കാര്യങ്ങൾ ശരിയായിരുന്നില്ല. ഞാൻ ഒരു വിചിത്രമായ സ്ഥലത്തായിരുന്നു, ഞാൻ നല്ല ക്രിക്കറ്റ് കളിക്കുകയായിരുന്നു, പക്ഷേ ഞാൻ എന്നെത്തന്നെ ആസ്വദിക്കുന്നില്ലായിരുന്നു, ഞാൻ സന്തോഷവാനായിരുന്നില്ല, അത് ഒരു ഇരുണ്ട സമയമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം വീട്ടിൽ വന്ന് ഒരു സാധാരണ ജീവിതം നയിക്കാൻ രണ്ട് മാസങ്ങൾ മാത്രം മതിയായിരുന്നു. ”
” തലേ വർഷം 50 ദിവസത്തിലധികം ഹോട്ടൽ ക്വാറന്റൈനിലും തുടർന്ന് ജനുവരിയിൽ ഒരു കുട്ടിയുണ്ടാകുകയും അവനിൽ നിന്ന് മാറി സമയം ചിലവഴിക്കേണ്ടി വരികയും ചെയ്തു. വീട്ടിൽ കുറച്ച് സമയം ചെലവഴിക്കാൻ എനിക്ക് ഐപിഎൽ നഷ്‌ടമായി, അത് എന്റെ മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകി, ഒരുപാട് കാര്യങ്ങളുമായി ഞാൻ എവിടെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ” ജേസണ്‍ റോയി സ്കൈ സ്പോര്‍ട്ട്സ് അഭിമുഖത്തില്‍ പറഞ്ഞു.