രാഹുലിന്റെ മോശം ഫോം ഗുണകരമായി :രോഹിത്തും കോഹ്ലിയും ഇനിയും ഓപ്പൺ ചെയ്യട്ടെ -നയം വ്യക്തമാക്കി സുനിൽ ഗവാസ്‌ക്കർ

ഏഴ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് രോഹിത് :കോഹ്ലി സഖ്യം ഒരിക്കൽ കൂടി ഇന്ത്യക്കായി ഓപ്പണിങ്ങിൽ കളത്തിലിറങ്ങിയത് .
ഇംഗ്ലണ്ട് എതിരായ അഞ്ചാം ടി:20യിൽ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ ഇരുവരും ബാറ്റേന്തിയപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കമാണ് ബാറ്റിങ്ങിൽ ലഭിച്ചത് .
മത്സരശേഷം തുടർന്നും ഇന്ത്യക്കായി  രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യവും കോലി വ്യക്തമാക്കി. ആരാധകരും ക്രിക്കറ്റ് ലോകവും ഏറെ ആവേശത്തോടെയാണ് നായകന്റെ പ്രസ്താവന ഏറ്റെടുത്തത് .

എന്നാൽ ഇപ്പോൾ കോഹ്ലിയുടെ തീരുമാനത്തെ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും ഇതിഹാസ താരവുമായ സുനിൽ ഗവാസ്‌ക്കർ . ഗവാസ്‌ക്കർ പറയുന്നത് ഇപ്രകാരമാണ് “മുൻപ്‌ ഒരിക്കല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങ് ഓര്‍ഡറില്‍ മധ്യനിരയിൽ ബാറ്റിംഗ് ചെയ്യുകയായിരുന്നു . പിന്നീട് ടീം അദ്ധേഹത്തെ  ഓപ്പണിങ്ങിലേക്ക് അയച്ചപ്പോള്‍  ഒരു വലിയ മാറ്റം പ്രകടമായിരുന്നു. സച്ചിന്റെ ബാറ്റിങ്ങില്‍ മാത്രമല്ല, ആ മാറ്റം മുഴുവന്‍ ടീമിനേയും സ്വാധീനിച്ചു. വൈകാതെ സച്ചിൻ ടോപ്‌ ഓർഡറിൽ ഇന്ത്യയുടെ കരുത്തായി മാറി .
അതുപോലെയാണ് നായകൻ കോഹ്ലി  പെട്ടന്ന് ഓപ്പണിംഗ് സ്ഥാനത്ത് രോഹിത് ഒപ്പം  കളിച്ചപ്പോള്‍ കാണാനായത്.
കെ.എൽ  രാഹുലിന്റെ മോശം  ഫോം കാരണം ടീമിൽ നിന്ന് ഒഴിവാക്കി പകരം  പരീക്ഷിക്കാവുന്ന ഒരു ഓപ്പണിങ് സഖ്യത്തെ ടീമിന് കാണാനായി. ഇനി  രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ കോഹ്ലി തുടരണമെന്നാണ് ഞാന്‍ ഏറെ  ആഗ്രഹിക്കുന്നത്. ഇരുവർക്കും ഓപ്പണിങ്ങിൽ ഇന്ത്യൻ ടീമിനായി ഏറെ നൽകുവാൻ കഴിയും “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി .

നേരത്തെ മുന്‍ ഇംഗ്ലണ്ട് നായകൻ മൈക്കല്‍  വോണും കോഹ്ലിയുടെ  ഓപ്പണിംഗ് സ്ഥാനത്തെ കുറിച്ച് ഏറെ  സംസാരിക്കുകയുണ്ടായി. ഇരുവരും ഓപ്പണര്‍മായെത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം .കൂടാതെ ലോകത്തെ ഏതൊരു ടീമും ഭയക്കുന്ന ഓപ്പണിങ് സഖ്യമായി ഇരുവരും മാറുമെന്നും വോൺ വ്യക്തമാക്കി .സച്ചിൻ : സെവാഗ്‌ കോംബോ പോലെയാണ് ഇരുവരെയും തനിക്ക് അഞ്ചാം ടി:20യിൽ തോന്നിയത് എന്നും വോൺ  പറഞ്ഞിരുന്നു .

Previous articleപരമ്പരവിജയത്തിനു പിന്നാലെ ഇന്ത്യക്ക് പിഴ ശിക്ഷ
Next articleഅദ്ദേഹത്തിൽ ഞാൻ കണ്ടത് എന്നെ തന്നെ :മുൻ ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ഇതിഹാസ ഫിനിഷർ ലാൻസ് ക്ലൂസ്നർ