വീരാട് കോഹ്ലി ഇനി സച്ചിനെപ്പോലെ. വിരേന്ദര്‍ സേവാഗ് പറയുന്നു.

2021 ടി20 ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വീരാട് കോഹ്ലിയുടെ ഇനിയുള്ള റോള്‍ പറയുകയാണ് മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. ക്യാപ്റ്റന്‍സി പദവിയൊന്നുമില്ലാതെ ബാറ്ററായി ആണ് കോഹ്ലി ഇനി എത്തുക. ഔദ്യോഗികമായി ബിസിസിഐ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചട്ടില്ലെങ്കിലും ന്യൂസിലന്‍റിനെതിരെയുള്ള പരമ്പരക്കുള്ള ടീമില്‍ രോഹിത് ശര്‍മ്മയെയാണ്‌ ക്യാപ്റ്റനാക്കിയത്. വീരാട് കോഹ്ലിക്ക് വിശ്രമം നല്‍കി.

ഇന്ത്യന്‍ ടീമില്‍ വീരാട് കോഹ്ലി തിരിച്ചെത്തുമ്പോള്‍ വീരാട് കോഹ്ലിയുടെ റോള്‍ സച്ചിനെപ്പോലെയാകും എന്നാണ് സേവാഗ് പറയുന്നത്. ” വിരാട് കോഹ്ലി ടീമിലുള്ളപ്പോള്‍ തന്നെ ടീം ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്‌റ്റനെയും ലഭിച്ചിരിക്കുന്നു. അദേഹത്തിന് അയാളുടെ നിര്‍ദേശങ്ങള്‍ നല്‍കാം. ഏറെക്കാലം കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സമാനമായി നിരവധി ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ചിരുന്നു. എപ്പോഴും തന്‍റെ നിര്‍ദേശങ്ങള്‍ ക്യാപ്റ്റന്‍മാരുമായി പങ്കുവെച്ചിരുന്നു. അത് നടപ്പാക്കേണ്ടത് നായകന്‍റെ തീരുമാനമാണ്. ടീമിലുള്ളിടത്തോളം യുവതാരങ്ങളെയും നായകനേയും സഹായിക്കും എന്ന് കോഹ്ലി പറഞ്ഞത് അതുകൊണ്ടാണ് ”

” എം എസ് ധോണി ക്യാപ്റ്റനായപ്പോള്‍ ഞാനായിരുന്നു വൈസ് ക്യാപ്റ്റന്‍. ധോണി പോകുമ്പോള്‍ ടീമിനെ ഏറ്റെടുക്കാന്‍ കഴിയുന്ന യുവതാരത്തിനാണ് ചുമതല നല്‍കേണ്ടത് എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്‍റെ നിര്‍ദേശം ബോര്‍ഡ് ചെവിക്കൊണ്ടില്ല. ഇപ്പോള്‍ കോഹ്ലി ഇത്തരമൊരു കാര്യം പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട് ” വീരേന്ദര്‍ സേവാഗ് പറഞ്ഞു.

Previous articleഅയാളെ എന്തിനാണ് ഒഴിവാക്കിയത് :ചോദ്യവുമായി സുനിൽ ഗവാസ്ക്കർ
Next articleഇന്ത്യന്‍ വിക്കറ്റുകള്‍ അനുകരിച്ച് ഷഹീന്‍ അഫ്രീദി. വീഡിയോ