ഗുജറാത്ത് ടൈറ്റൻസിനെതിരായ സഞ്ജു സാംസന്റെ ഇന്നിങ്സ് ഒരുപാട് പ്രശംസകള്‍ക്ക് വഴിവച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ താരങ്ങളടക്കം പലരും സഞ്ജുവിന്റെ ഇന്നിംഗ്സിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വരികയുണ്ടായി. മത്സരത്തിൽ 32 പന്തുകളിൽ 60 റൺസായിരുന്നു സഞ്ജു സാംസൺ നേടിയത്. ഈ ഇന്നിംഗ്സിന്റെ ബലത്തിലാണ് രാജസ്ഥാൻ മത്സരത്തിൽ 3 വിക്കറ്റുകൾക്ക് വിജയം കണ്ടത്. എന്നാൽ സഞ്ജു പുറത്തായ രീതിയെ വിമർശിച്ചുകൊണ്ട് ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്. മത്സരത്തിൽ സഞ്ജു പുറത്തായ രീതി തന്നെ നിരാശപ്പെടുത്തി എന്ന് സേവാഗ് പറയുന്നു.
മത്സരത്തിൽ നൂർ അഹമ്മദിനെതിരെ ഒരു ബൗണ്ടറിയും ഒരു സിക്സറും തുടർച്ചയായി സഞ്ജു നേടിയിരുന്നു. ശേഷം അടുത്ത പന്തിൽ വീണ്ടും താരത്തെ ഉയർത്തിയടിക്കാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ മില്ലർക്ക് ക്യാച്ച് നൽകി സഞ്ജുവിന് മടങ്ങേണ്ടി വന്നു. ഈ പുറത്താകൽ അംഗീകരിക്കാനാവില്ല എന്നാണ് വീരേന്ദർ സേവാഗ് പറയുന്നത്. “സഞ്ജു മത്സരത്തിൽ അവസരോചിതമായ ഇന്നിംഗ്സാണ് കളിച്ചത്. പക്ഷേ അയാൾ പുറത്തായ രീതി ഞാൻ അംഗീകരിക്കില്ല. ഓവറിൽ തുടർച്ചയായി രണ്ടു പന്തുകളിൽ ഒരു സിക്സറും ഒരു ബൗണ്ടറിയും സഞ്ജു നേടിയിരുന്നു. അതിനുശേഷം അടുത്ത പന്തിലാണ് അയാൾ പുറത്തായത്. ആ ബോൾ വന്നത് ഓഫ് സ്റ്റമ്പിന് പുറത്തേക്കായിരുന്നു. അത് അടിച്ചകറ്റാൻ ശ്രമിക്കുന്നതിനു പകരം സ്ട്രൈക്ക് കൈമാറാനായിരുന്നു സഞ്ജു ശ്രമിക്കേണ്ടിയിരുന്നത്.”- സേവാഗ് പറയുന്നു.
“എല്ലാ ഷോട്ടുകളും ഉയർത്തിയടിച്ച് റൺസ് കണ്ടെത്താമെന്ന് സഞ്ജു വിചാരിക്കരുത്. ചിലപ്പോൾ സ്ട്രൈക്ക് റൊട്ടെഷൻ തന്നെയാവും ടീമിന് ഗുണം ചെയ്യുന്നത്. മത്സരത്തിൽ ഒരുപക്ഷേ കുറച്ചു സമയം കൂടി സഞ്ജു സാംസൺ ക്രീസിൽ ചിലവഴിച്ചിരുന്നെങ്കിൽ രാജസ്ഥാൻ റോയൽസ് ഓരോവറെങ്കിലും മുൻപേ വിജയിച്ചേനെ. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഇന്നിങ്സ് വളരെ ആസ്വാദകരമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
സഞ്ജുവിന് പുറമെ ഹെറ്റ്മെയ്റും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഒപ്പം അവസാന ഓവറിൽ രവിചന്ദ്രൻ അശ്വിന്റെ ചെറിയ ക്യാമിയോയും രാജസ്ഥാന് വിജയത്തിലേക്ക് വഴിതുറന്നു. 2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിലെത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. 2023ലും രാജസ്ഥാന് മികച്ച തുടക്കം തന്നെയാണ് സഞ്ജു സാംസന്റെ നേതൃത്വത്തിൽ ലഭിച്ചിരിക്കുന്നത്.