‘കോഹ്ലിയാണ്, അയാൾ തിരിച്ചുവരും’ വിരാട് കോഹ്ലിക്ക് വമ്പൻ പിന്തുണയുമായി ഓസീസ് മുൻ നായകൻ

കുറച്ചധികം കാലമായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വലിയ സാന്നിധ്യം തന്നെയാണ് വിരാട് കോഹ്ലി. പക്ഷേ കഴിഞ്ഞ മൂന്ന് വർഷങ്ങളായി കോഹ്ലി ടെസ്റ്റിൽ തന്റെ മികവിനോത്ത് ഉയർന്നിട്ടില്ല. കോഹ്ലി ടെസ്റ്റ് മത്സരങ്ങളിൽ ഒരു സെഞ്ച്വറി നേടിയിട്ട് മൂന്നുവർഷങ്ങളിൽ ഏറെയായി. മാത്രമല്ല കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിങ്സുകളിൽ ഒരിക്കൽ പോലും വിരാടിന് അർധസെഞ്ച്വറി നേടാനും സാധിച്ചിട്ടില്ല. നിലവിൽ നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ അഞ്ച് ഇന്നിങ്സുകളിൽ 111 റൺസാണ് വിരാടിന്റെ സമ്പാദ്യം. ഈ അവസരത്തിൽ വിരാടിന്റെ പ്രകടനങ്ങളെ പറ്റി മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് സംസാരിക്കുകയുണ്ടായി.

“പരമ്പരയിലെ ഒരു ബാറ്ററുടെയും ഫോമിൽ ഞാൻ ശ്രദ്ധ നൽകുന്നില്ല. കാരണം ബാറ്റർമാരെ സംബന്ധിച്ച് ഒരു ദുസ്വപ്നം തന്നെയാണ് പരമ്പര. ആദ്യ രണ്ടു മത്സരങ്ങളിൽ നന്നായി പൊരുതാനും, മൂന്നാം മത്സരത്തിൽ തിരിച്ചുവരവ് നടത്തി വിജയിക്കാനും ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. നമുക്ക് എല്ലാവർക്കുമറിയാം ഇവിടെ ബാറ്റിംഗ് ദുഷ്കരമാണ്. അത് അമിതമായ ടേൺ കൊണ്ട് മാത്രമല്ല. സ്ഥിരതയില്ലാത്ത ബൗൺസ് കൊണ്ട് കൂടെയാണ്. ഇത്തരം ബൗൺസുകൾ മൂലം ബാറ്റർമാർക്ക് വിക്കറ്റിലുള്ള വിശ്വാസം നഷ്ടമാകുന്നു.”- പോണ്ടിംഗ് പറയുന്നു.

ani virat kohli 103234 1

“കോഹ്ലിയെപ്പറ്റി ഞാൻ മുൻപും ഒരുപാട് സംസാരിച്ചിട്ടുണ്ട്. അയാളെ പോലൊരു ചാമ്പ്യൻ കളിക്കാരൻ തിരിച്ചുവരാനും ഒരു മാർഗ്ഗം കണ്ടെത്തും. നിലവിൽ അയാൾ പ്രതിസന്ധിയിലാണ്. നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ റൺസ് കണ്ടെത്താനും അയാൾക്ക് സാധിക്കുന്നില്ല. എന്നാൽ അയാൾക്ക് സാഹചര്യങ്ങളെപ്പറ്റി പൂർണമായ ബോധമുണ്ട്. അതിനാൽ തന്നെ കോഹ്ലിയുടെ ഫോമിനെപറ്റി ആലോചിക്കുമ്പോൾ ഞാൻ വ്യാകുലനല്ല. അയാൾ പൂർവാധികം ആത്മവിശ്വാസത്തോടെ തിരിച്ചു വരുമെന്ന് എനിക്കറിയാം.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുന്നു.

മുൻപ് മാത്യു ഹെയ്ഡ്‌ഡനും മാർക്ക് വോയും അടക്കമുള്ള താരങ്ങൾ കോഹ്ലിയുടെ ഫോമിനെ സംബന്ധിച്ച് ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും നാലാം മത്സരത്തിൽ ഒരു ഉജ്ജ്വല ബാറ്റിംഗ് പ്രകടനത്തോടെ കോഹ്ലി തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് 9ന് അഹമ്മദാബാദിലാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്.

Previous articleഡൽഹിയുടെ തകര്‍പ്പന്‍ വെടിക്കെട്ട്. യു.പി വിറച്ചുവീണു.
Next articleഅവൻ ഒരു ഐപിഎൽ ടീമിൻ്റെ നായകനാണ്, ഗ്രൗണ്ടിൽ വെള്ളം കൊണ്ട് കൊടുക്കേണ്ടവനല്ല; രാഹുലിന് പിന്തുണയുമായി ഗൗതം ഗംഭീർ