ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ നിന്ന് പിന്മാറി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. രാജ്‌കോട്ട്, റാഞ്ചി, ധർമ്മശാല എന്നിവിടങ്ങളിലെ ടെസ്റ്റുകൾക്കുള്ള ടീമിനെ തീരുമാനിക്കാനുള്ള സെലക്ടർമാരുടെ യോഗം ചേർന്ന ദിവസമാണ് കോഹ്‌ലി തൻ്റെ കാര്യം അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തത്.
കരിയറില്‍ ഇതാദ്യമായാണ് വിരാട് കോഹ്ലി ഹോം സീരിസില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. വിശാഖപട്ടണത്ത് നടന്ന ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയതോടെ പരമ്പര സമനിലയിലാണ്. വിശാഖപട്ടണത്ത് വിജയിച്ച ടീമില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തേണ്ടി വരും.
മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യർക്കും അടുത്ത മൂന്ന് ടെസ്റ്റുകൾ നഷ്ടമാകും.പരിക്ക് കാരണമാണ് ശ്രേയസ് അയ്യർക്ക് നഷ്ടമാവുക. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശ്രേയസ്സ് അയ്യരുടെ പുരോഗതി നിരീക്ഷിക്കും.
അതേ സമയം പരിക്കില്‍ നിന്നും ഭേദമായി കെല്‍ രാഹുലും രവീന്ദ്ര ജഡേജയും തിരിച്ചെത്തി. നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ബുംറയെ കളിപ്പിക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം.
ബാക്കിയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കായി ആകാശ് ദീപിനെ തിരഞ്ഞെടുക്കാൻ സീനിയർ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ഇതോടെ പേസ് ബൗളര്‍ ആവേശ് ഖാനെ ഒഴിവാക്കി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹമ്മദാബാദിൽ നടന്ന അനൗദ്യോഗിക മത്സരത്തിനിടെ ഇംഗ്ലണ്ട് ലയൺസിനെതിരെ ആകാശ് ദീപ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.