2023 ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം വിരാട് കോഹ്ലിയായിരുന്നു. ലോകകപ്പിൽ പല റെക്കോർഡുകളും തകർത്തെറിയാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 765 റൺസായിരുന്നു വിരാട് കോഹ്ലി ലോകകപ്പിൽ നേടിയത്. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവുമധികം റൺസ് നേടിയ താരം എന്ന റെക്കോർഡും വിരാട് കോഹ്ലി സ്വന്തമാക്കി.
ശേഷം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും വിരാട് കോഹ്ലി വലിയ പ്രാധാന്യമുള്ള താരമായി മാറുമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്സ് കാലിസ് വിലയിരുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേടണമെങ്കിൽ കോഹ്ലി മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് എന്ന് കാലിസ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ വിരാട് കോഹ്ലിയ്ക്കുള്ള റെക്കോർഡുകൾ വിലയിരുത്തിയാണ് കാലിസിന്‍റെ ഈ പ്രസ്താവന. മാത്രമല്ല ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര പോലും വിജയിച്ചിട്ടില്ല എന്ന കാര്യവും കാലിസ് ഓർമിപ്പിക്കുകയുണ്ടായി. “വിരാട് കോഹ്ലി ഇന്ത്യയെ സംബന്ധിച്ച് വലിയൊരു താരം തന്നെയാണ്. എവിടെയാണെങ്കിലും അത് അങ്ങനെയാണ്. ദക്ഷിണാഫ്രിക്കയിൽ കുറച്ചധികം മത്സരങ്ങൾ കളിക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല പല മത്സരങ്ങളിലും കോഹ്ലി വലിയ വിജയമായിരുന്നു. അതിനാൽ തന്നെ ആ അനുഭവസമ്പത്ത് മറ്റുള്ള താരങ്ങളിലേക്ക് എത്തിക്കാൻ കോഹ്ലിക്ക് സാധിക്കും. പ്രത്യേകിച്ച് യുവതാരങ്ങൾക്ക് കൃത്യമായ രീതിയിൽ ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കാനും കോഹ്ലിക്ക് സാധിക്കും.”- കാലിസ് പറഞ്ഞു.
“ദക്ഷിണാഫ്രിക്കയിൽ കോഹ്ലിക്ക് വലിയൊരു പരമ്പര തന്നെയാണ് നടക്കാൻ പോകുന്നത് എന്നെനിക്ക് ഉറപ്പാണ്. ഇപ്പോൾ കോഹ്ലി വളരെ മികച്ച ഫോമിലാണ് ഉള്ളത്. ഇന്ത്യൻ ടീമിനെ സഹായിക്കാനായി വളരെ വലിയൊരു റോൾ തന്നെയായിരിക്കും കോഹ്ലി ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നത്. ഇന്ത്യയ്ക്ക് പരമ്പരയിൽ വിജയം സ്വന്തമാക്കണമെങ്കിൽ, വിരാട് കോഹ്ലി വലിയ രീതിയിൽ റൺസ് കണ്ടെത്തേണ്ടതുണ്ട്.”- കാലിസ് കൂട്ടിച്ചേർക്കുന്നു.
ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയിൽ മികവാർന്ന പ്രകടനം തന്നെയാണ് കോഹ്ലി പുറത്തെടുത്തിട്ടുള്ളത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതുവരെ 14 ടെസ്റ്റ് ഇന്നിംഗ്സുകൾ കോഹ്ലി കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി 51.36 ശരാശരിയിൽ 719 റൺസും വിരാട് നേടുകയുണ്ടായി. രണ്ട് ടെസ്റ്റ് സെഞ്ച്വറികളും മൂന്ന് അർധ സെഞ്ച്വറികളുമാണ് കോഹ്ലി ദക്ഷിണാഫ്രിക്കയിൽ നേടിയിട്ടുള്ളത്.
അതിനാൽ തന്നെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും കോഹ്ലിയുടെ റോൾ വളരെ നിർണായകമാവും എന്നാണ് പല മുൻ താരങ്ങളും വിലയിരുത്തിയിട്ടുള്ളത്. ട്വന്റി20, ഏകദിന പരമ്പരകൾക്ക് ശേഷമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.