വെറും ദിവസങ്ങൾ മാത്രമാണ് ആവേശകരമായ ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിക്കുവാൻ ഇനി അവശേഷിക്കുന്നത്. ഇപ്പോഴിതാ പരമ്പരയ്ക്ക് മുൻപായി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം റാഷിദ് ലത്തീഫ്. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് വിരാട് കോഹ്ലിയെ പരീക്ഷിക്കും എന്നാണ് മുൻ പാക്കിസ്ഥാൻ താരം പറഞ്ഞത്. ഓസ്ട്രേലിയൻ നായകന് വിരാട് കോഹ്ലിയ്ക്കെതിരെ മികച്ച കണക്കുകൾ ആണ് ഉള്ളത്.
ഇരുവരും ആറ് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ അതിൽ അഞ്ചു തവണയും കോഹ്ലിയെ പുറത്താക്കുവാൻ കമ്മിൻസിന് സാധിച്ചിരുന്നു. ഓസ്ട്രേലിയൻ നായകനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലിക്ക് ആകെ നേടാൻ സാധിച്ചിട്ടുള്ളത് 82 റൺസാണ്.”ടെസ്റ്റ് ക്രിക്കറ്റിൽ കമ്മിൻസിന്റെ ബണ്ണിയാണ് വിരാട് കോഹ്ലി. അവൻ വിരാടിനെ 6 മത്സരങ്ങളിൽ നിന്നും 5 തവണ പുറത്താക്കിയിട്ടുണ്ട്. ഏതൊരു വമ്പൻ ബാറ്ററെയും കുഴക്കാൻ പോന്നതാണ് അവൻ്റെ ബൗളിംഗ് രീതി.
വരാനിരിക്കുന്ന പരമ്പരയിൽ കാണാൻ പോകുന്നത് കോഹ്ലി-പാറ്റ് കമ്മിൻസ് തമ്മിലുള്ള പോരാട്ടമായിരിക്കും.”-റാഷിദ് ലത്തീഫ് പറഞ്ഞു. ഈ മാസം ഒമ്പതിനാണ് ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. നാല് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കേണ്ടതിനാൽ ഇന്ത്യക്ക് ഈ പരമ്പര നിർണായകമാണ്. ഓസ്ട്രേലിയ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചതാണ്.
3-1ന് അല്ലെങ്കിൽ മുഴുവൻ മത്സരങ്ങളും വിജയിച്ചാൽ മാത്രമാണ് ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കുവാൻ സാധ്യതയുള്ളൂ. ഇന്ത്യക്ക് പരമ്പരയിൽ ഏറ്റവും വലിയ തിരിച്ചടിയാക്കുക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷബ് പന്തിന്റെ അഭാവം ആയിരിക്കും. കാറപകടത്തിൽ പരിക്കേറ്റ താരം ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പന്തിന്റെ അഭാവം ആര് നികത്തും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.