നീണ്ട 15 മാസങ്ങൾക്ക് ശേഷം തന്റെ ടെസ്റ്റ് കരിയറിലെ സെഞ്ച്വറി ക്ഷാമം അവസാനിപ്പിച്ച് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലാണ് വിരാട് കോഹ്ലി ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയത്.
കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിട്ടും ഒരു വശത്ത് കോഹ്ലി ക്രീസിൽ ഉറയ്ക്കുകയായിരുന്നു. വളരെ കരുതലോടെ കളിച്ച കോഹ്ലി 143 പന്തുകളിലാണ് തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. കോഹ്ലിയുടെ കരിയറിലെ 81ആം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.
മത്സരത്തിൽ ദേവദത് പടിക്കൽ പുറത്തായതിന് തൊട്ടുപിന്നാലെയാണ് കോഹ്ലി ക്രീസിലെത്തിയത്. ശേഷം ജയസ്വാളിനൊപ്പം ചേർന്ന് ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ കോഹ്ലി ശ്രമിച്ചു. തന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ വളരെ കരുതലോടെയാണ് കോഹ്ലി ആരംഭിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ ഉണ്ടായ പിഴവുകളെയൊക്കെയും മറികടന്ന് കോഹ്ലി മുൻപിലേക്ക് കുതിക്കുകയായിരുന്നു. ഓസ്ട്രേലിയൻ പിച്ചിൽ ലഭിച്ച ബൗൺസ് അങ്ങേയറ്റം ഉപയോഗിച്ചാണ് കോഹ്ലി മുന്നോട്ടു നീങ്ങിയത്. കവർ ഡ്രൈവുകളും കട്ട് ഷോട്ടുകളും കോഹ്ലി ഇന്നിംഗ്സിൽ ഉടനീളം ഉപയോഗിച്ചിരുന്നു. ഇതിലൂടെ ഇന്ത്യയെ ശക്തമായ ഒരു നിലയിലെത്തിക്കാനും കോഹ്ലിയ്ക്ക് സാധിച്ചു.
മറുവശത്ത് ഋഷഭ് പന്തിന്റെയും ധ്രുവ് ജൂറലിന്റെയും വിക്കറ്റുകൾ ചെറിയ ഇടവേളയിൽ നഷ്ടമായിട്ടും കോഹ്ലി പതറിയില്ല. വാഷിംഗ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് കോഹ്ലി തന്റെ ഇന്നിംഗ്സ് പതിയെ മുൻപിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ മത്സരത്തിൽ ഒരു വെടിക്കെട്ട് അർത്ഥ സെഞ്ചുറി സ്വന്തമാക്കാനും വിരാട് കോഹ്ലിക്ക് സാധിച്ചു. പിന്നീട് ഇന്ത്യയുടെ സ്കോർ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോഹ്ലി മുൻപിലേക്ക് കുതിച്ചത്. കൃത്യമായ ഇടവേളകളിൽ ലഭിക്കുന്ന മോശം പന്തുകളെ ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറി കടത്താനും കോഹ്ലി ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ കോഹ്ലി മത്സരത്തിൽ സെഞ്ച്വറിയിൽ എത്തുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യൻ ടീമിനെ വളരെ മികച്ച ഒരു നിലയിലെത്തിക്കാൻ കോഹ്ലിയുടെ ഈ വെടിക്കെട്ട് സെഞ്ച്വറിക്ക് സാധിച്ചിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ 150 റൺസ് മാത്രം നേടിയ ഇന്ത്യ ഓസ്ട്രേലിയയെ കേവലം 104 റൺസിന് പുറത്താക്കുകയും 46 റൺസിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ശേഷം ഇപ്പോൾ രണ്ടാ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ജയസ്വാളിന്റെയും വിരാട് കോഹ്ലിയുടെയും മികവിൽ 487 റൺസാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
ഇത്ര വലിയ വിജയലക്ഷ്യം മറികടക്കുക എന്നത് ഓസ്ട്രേലിയയെ സംബന്ധിച്ച് അനായാസമല്ല. അതേസമയം മറുവശത്ത്, രണ്ടു ദിവസത്തിനകം ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടിയാൽ ഇന്ത്യയ്ക്ക് വിജയം നേടാം.