ശ്രീലങ്കക്ക് എതിരായ മോഹാലി ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഭേദപെട്ട തുടക്കം സ്വന്തമാക്കി ഇന്ത്യൻ ടീം. ടെസ്റ്റ് നായകൻ റോളിൽ രോഹിത് ശർമ്മ ആദ്യമായി എത്തിയ ടെസ്റ്റ് മത്സരത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി മാറിയത് വിരാട് കോഹ്ലി തന്റെ നൂറാം ടെസ്റ്റിനായി കളിക്കാൻ എത്തിയത് തന്നെയാണ്. നൂറാം ടെസ്റ്റ് മത്സരത്തിൽ കോഹ്ലിയുടെ സെഞ്ച്വറി പ്രതീക്ഷിച്ച ആരാധകർക്ക് എല്ലാം പ്രതീക്ഷ നൽകുന്ന തുടക്കമാണ് കോഹ്ലി നേടിയത് എങ്കിലും പിന്നീട് ഫിഫ്റ്റിക്ക് അരികിൽ വിരാട് കോഹ്ലി പുറത്തായി.76 ബോളിൽ 5 ഫോർ അടക്കം 45 റൺസ് അടിച്ച കോഹ്ലിയെ മനോഹര ബോളിൽ ലങ്കൻ സ്പിന്നർ പുറത്താക്കി.
അതേസമയം ഇന്ത്യക്കായി നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന പന്ത്രണ്ടാം താരം കൂടിയായി മാറിയ വിരാട് കോഹ്ലി തന്റെ ടെസ്റ്റ് കരിയറിലെ മറ്റൊരു അപൂർവ്വമായ നേട്ടത്തിന് അവകാശിയായി. ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് നേട്ടത്തിലേക്ക് എത്തിയ കോഹ്ലി ഈ റെക്കോർഡിലേക്ക് എത്തുന്ന ആറാം ഇന്ത്യൻ താരമായി മാറി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 900ആം ഫോറും അടിച്ചെടുത്ത വിരാട് കോഹ്ലി നൂറാം ടെസ്റ്റ് മനോഹരമാക്കി മാറ്റി. നേരത്തെ മത്സരത്തിന് മുൻപ് വിരാട് കോഹ്ലിക്ക് സ്പെഷ്യൽ സമ്മാനം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒരുക്കിയിരുന്നു.
നൂറാം ടെസ്റ്റ് മത്സരത്തിലുള്ള ആദരവായി ഒരു ക്യാപ്പ് വിരാട് കോഹ്ലിക്ക് ഇന്ത്യൻ ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് നൽകി. മത്സരത്തിൽ 45 റൺസ് മാത്രമേ നേടിയുള്ളൂ എങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു അത്യപൂർവ്വ നേട്ടത്തിനും കൂടി കോഹ്ലി അവകാശിയായി മാറി.തന്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ 8000 ടെസ്റ്റ് റൺസ് ക്ലബ്ബിലേക്ക് സ്ഥാനം നേടുന്ന രണ്ടാമത്തെ മാത്രം താരമായി മാറിയ കോഹ്ലിക്ക് മുൻപായി ഈ നേട്ടത്തിലേക്ക് നൂറാം ടെസ്റ്റിൽ എത്തിയത് ഇതിഹാസ താരമായ റിക്കി പോണ്ടിങ്ങാണ്.