“കോഹ്ലിയ്ക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയി. വിലക്കണമായിരുന്നു”- റിക്കി പോണ്ടിങ്.

ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഏറ്റവുമധികം ചർച്ചയായത് വിരാട് കോഹ്ലിയും ഓസ്ട്രേലിയയുടെ യുവതാരമായ കോൺസ്റ്റസും തമ്മിൽ മൈതാനത്ത് നടന്ന സ്ലെഡ്ജിങ്ങാണ്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കോൺസ്റ്റസിനെ ഫീൽഡിങ് പൊസിഷനിൽ നിന്ന് നടന്നുവന്ന കോഹ്ലി തോളിൽ ഇടിക്കുകയുണ്ടായി.

ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ശേഷം ഐസിസി കോഹ്ലിക്കെതിരെ നടപടിയും സ്വീകരിച്ചു. മത്സരത്തിൽ ലഭിക്കുന്ന ഫീസിന്റെ 20% കോഹ്ലിയ്ക്ക് പിഴയായി ഐസിസി ചുമത്തി. ഒപ്പം ഒരു ഡിമെറിറ്റ് പോയിന്റും ഐസിസി കോഹ്ലിയ്ക്ക് മേൽ ചാർത്തിയിട്ടുണ്ട്. പക്ഷേ ഈ ശിക്ഷ വളരെ ചെറുതായി പോയി എന്നാണ് മുൻ ഓസ്ട്രേലിയൻ നായകനായ റിക്കി പോണ്ടിംഗ് ഇപ്പോൾ പറയുന്നത്.

ഇത്തരമൊരു വലിയ പ്രശ്നത്തിന് ഇത്രയും ചെറിയ നടപടിയല്ല സ്വീകരിക്കേണ്ടത് എന്ന് പോണ്ടിംഗ് പറയുന്നു. കോഹ്ലിയ്ക്ക് മത്സരത്തിൽ നിന്ന് വിലക്ക് അടക്കമുള്ള വലിയ ശിക്ഷകൾ നൽകണമായിരുന്നു എന്നാണ് പോണ്ടിങ്ങിന്റെ നിഗമനം. “ഇക്കാര്യത്തിൽ ഐസിസി എടുത്ത നടപടി വളരെ ചെറുതായിപ്പോയി എന്നാണ് ഞാൻ കരുതുന്നത്. ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരം എന്ന നിലയിൽ ലോകത്തെല്ലായിടത്തും ഉള്ള ആരാധകർ ശ്രദ്ധിക്കുന്ന മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് വിരാട് കോഹ്ലിയെ പോലെ ഒരു സീനിയർ താരത്തിൽ നിന്നും ഇത്തരമൊരു സമീപനമല്ല നമ്മൾ പ്രതീക്ഷിക്കുന്നത്. ഇങ്ങനെയൊരു സംഭവം ഉണ്ടാകുമ്പോൾ അത് എന്ത് സന്ദേശമാണ് ആരാധകർക്ക് നൽകുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം.”- പോണ്ടിംഗ് പറഞ്ഞു.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ പത്താം ഓവറിലായിരുന്നു സംഭവം നടന്നത്. മത്സരത്തിനിടയിൽ വിക്കറ്റുകൾക്കിടയിലൂടെ നടന്ന കോൺസ്റ്റസിനെ വിരാട് കോഹ്ലി തോളിൽ ഇടിക്കുകയായിരുന്നു. ഇത് ഓസ്ട്രേലിയയുടെ യുവതാരത്തിനെ ചൊടിപ്പിക്കുകയുണ്ടായി. കോഹ്ലി വളരെ രൂക്ഷമായ ഭാഷയിലാണ് ഇതിന് മറുപടി നൽകിയത്. ശേഷം ഇരു ടീമുകളിലെയും സഹതാരങ്ങൾ രംഗത്തെത്തി. പിന്നാലെ അമ്പയർ എത്തിയാണ് എല്ലാ താരങ്ങളെയും സമാധാനിപ്പിച്ചത്. ഈ സംഭവത്തിന്റെ പേരിൽ ഓസ്ട്രേലിയൻ മാധ്യമങ്ങൾ വിരാട് കോഹ്ലിയെ വളരെ അധികം അധിക്ഷേപിക്കുകയുണ്ടായി.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ഓസ്ട്രേലിയ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 474 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസത്തിന്റെ അവസാന സെഷനിൽ തകർന്നു വീഴുകയുണ്ടായി. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ മറികടക്കണമെങ്കിൽ ഇന്ത്യയ്ക്ക് ഇനിയും 310 റൺസ് നേടേണ്ടതുണ്ട്.

Previous articleകോഹ്ലിയെ കൂകി അധിക്ഷേപിച്ച് ഓസീസ് ഫാൻസ്‌. ദേഷ്യത്തോടെ തിരിച്ചെത്തി ചോദ്യം ചെയ്ത് വിരാട്.