ഏഷ്യകപ്പിൽ ഫൈനൽ കാണാതെ പുറത്തായ സങ്കടം എല്ലാ ഇന്ത്യൻ ആരാധകരും മറന്ന ദിവസമായിരുന്നു ഇന്നലെ. ഇന്ത്യൻ ആരാധകർ മാത്രമല്ല ലോകത്തിലെ എല്ലാ ക്രിക്കറ്റ് ആരാധകരും കഴിഞ്ഞ 2019 മുതൽ ആഗ്രഹിക്കുന്ന കാര്യമാണ് ഇന്നലെ ദുബായിൽ വച്ച് നടന്ന ഏഷ്യാകപ്പ് ടൂർണമെന്റിൽ ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ നടന്നത്. മറ്റൊന്നുമല്ല, ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിയുടെ 71 ആം ആം സെഞ്ചുറിയായിരുന്നു ഇന്നലെ അഫ്ഗാനെതിരെ പിറന്നത്.
കഴിഞ്ഞ കുറേക്കാലമായി മോശം ഫോം അലട്ടുന്ന താരം,തന്നെ വിമർശിച്ചവർക്കെതിരെയുള്ള കൊടുങ്കാറ്റായി മാറുകയായിരുന്നു ഇന്നലെ. 61 പന്തിൽ 13 ബൗണ്ടറികളും ആറ് സിക്സറുകളും അടക്കം 122 റൺസ് ആണ് അഫ്ഗാനിസ്ഥാനെതിരെ താരം നേടിയത്. 2019 ന് ശേഷം ആദ്യമായാണ് കോഹ്ലി സെഞ്ചുറി നേടുന്നത്. മാത്രമല്ല ഇന്ത്യക്കുവേണ്ടി 20-20യിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി കൂടിയാണിത്.
ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും തന്നെ അഭിനന്ദനങ്ങളിലും മറ്റും ആളുകൾ വാനോളം പുകഴ്ത്തുമ്പോഴും കഴിഞ്ഞ തന്റെ മോശം കാലത്തെ ഓർമ്മയിലാണ് മുൻ നായകൻ. അഫ്ഗാനെതിരെ നടത്തിയ വെടിക്കെട്ട് പ്രകടനത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. 60 റൺസ് നേടിയാലും അത് പോരാ എന്നും എത്ര നന്നായി ബാറ്റ് ചെയ്താലും അത് മോശമായിട്ടായിരുന്നു എല്ലാവരും കണ്ടിരുന്നത് എന്നും താരം പറഞ്ഞു. താരത്തിന്റെ വാക്കുകൾ വായിക്കാം..
“ഞാൻ നേടിയ അറുപതുകൾ വരെ തോൽവികളായി എഴുതപ്പെട്ടപ്പോഴായിരുന്നു ഞാൻ ഏറ്റവും ഞെട്ടിപ്പോയത്. ആ കളികളിൽ ഞാൻ നന്നായി തന്നെയായിരുന്നു ബാറ്റ് ചെയ്തിരുന്നത്. പക്ഷെ അതൊന്നും പോര എന്നതു പോലെയായിരുന്നു കാര്യങ്ങൾ.ആരെയും പ്രത്യേകം ചൂണ്ടിക്കാണിച്ച് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ നാളുകളിൽ ദൈവം എനിക്ക് ഒരുപാട് നല്ല സമയങ്ങൾ നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ ഇന്ന് ഈ നിലയിലെത്തിയിരിക്കുന്നത്. ഞാൻ ഇതൊക്കെ ചെയ്തുവെന്ന് അഹങ്കരിച്ചു.
പറയുന്നതല്ല പക്ഷെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ സംഭവിച്ചത്.നമുക്ക് വിധിച്ചിട്ടുള്ളതെല്ലാം നൽകി ദൈവം നമ്മെ അനുഗ്രഹിക്കുമെന്ന് തുറന്നുസമ്മതിക്കുന്നതിൽ എനിക്കൊരു മടിയുമില്ല. ആ അനുഗ്രഹങ്ങൾക്കനുസരിച്ച് കഠിനധ്വാനം ചെയ്യലാണ് നമ്മുടെ കടമ. അതുകൊണ്ട് തന്നെ ഞാൻ തിരിച്ചുപോയി നല്ല രീതിയിൽ പരിശീലനം നടത്തി, പുതിയ ആവേശത്തോടെ മടങ്ങിയെത്തുകയായിരുന്നു. കഴിഞ്ഞ നാളുകളെയെല്ലാം മറന്ന് മുന്നോട്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”- കോഹ്ലി പറഞ്ഞു.