ഡൽഹിക്കെതിരായ മത്സരത്തിൽ ഒരു അപ്രതീക്ഷിതമായ പരാജയമായിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തേടിയെത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ 181 എന്ന വമ്പൻ സ്കോറിൽ എത്തുകയുണ്ടായി. എന്നാൽ ഫിൽ സോൾട്ടിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ ഡൽഹി ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ബാംഗ്ലൂരിനായി 46 പന്തുകളിൽ 55 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മികവ് പുലർത്തിയത്. പക്ഷേ കോഹ്ലിയുടെ മത്സരത്തിലെ സ്ട്രൈക്ക് റേറ്റിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഹൈദരാബാദ് കോച്ച് ടോം മൂഡി. വിരാട് കോഹ്ലിയുടെ ശൈലി ട്വന്റി20യ്ക്ക് ഒട്ടും അനുയോജ്യമല്ല എന്നാണ് മൂഡി പറയുന്നത്.
തന്റെ ഇന്നിംഗ്സിൽ 150നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉയർത്താൻ വിരാട് കോഹ്ലിക്ക് സാധിക്കണം എന്നാണ് മൂഡിയുടെ അഭിപ്രായം. “വിരാട് കോഹ്ലിയുടെ മത്സര ശൈലിയെ സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഇതാണ് അയാൾ ബാറ്റ് ചെയ്യുന്ന രീതി. അയാളുടെ ട്വന്റി20ലെ കരിയർ സ്ട്രൈക്ക് റേറ്റ് 130 ആണ്. എന്നിരുന്നാലും മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ അയാൾക്ക് സാധിക്കുന്നുണ്ട്. മറ്റു ബാറ്റർമാരൊക്കെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങൾ കാഴ്ചവയ്ക്കുമ്പോൾ, ഒരു വശതത്ത് കോഹ്ലി ഇങ്ങനെ കളിക്കുന്നത് ചിലപ്പോൾ ഉത്തമമായി തോന്നിയേക്കാം.
എന്നാൽ എന്റെ കാഴ്ചപ്പാടിൽ ഇത് അത്ര നല്ല കാര്യമല്ല. കാരണം ഇമ്പാക്ട് പ്ലെയർ റൂൾ വന്നതോടുകൂടി മത്സരം കുറച്ചധികം മാറിയിട്ടുണ്ട്. ഇപ്പോഴത്തെ ക്രിക്കറ്റിന്റെ സ്റ്റൈൽ മറ്റൊന്നാണ്. അതുകൊണ്ടുതന്നെയാണ് നമ്മൾ കൂടുതൽ മത്സരങ്ങളിൽ 200ലധികം സ്കോറുകൾ കാണുന്നത്. അതിനാൽ തന്നെ കോഹ്ലി ഈ രീതിയിൽ കളിക്കേണ്ട ആവശ്യം ഇപ്പോളില്ല.”- മൂഡി പറയുന്നു.
“എല്ലാ ബാറ്റർമാരും 150 മുകളിൽ സ്ട്രൈക്ക് റേറ്റിൽ കളിക്കണം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കാരണം ഇപ്പോൾ ഇമ്പാക്ട് പ്ലെയർ റൂൾ വന്നതോടുകൂടി എല്ലാ ടീമുകൾക്കും ആവശ്യമായ ഡെപ്ത്ത് ഉണ്ട്. വിരാട് കോഹ്ലിയും അത് മനസ്സിലാക്കേണ്ടതുണ്ട്. മത്സരത്തിൽ ലോംറോർ അടിച്ചു തകർത്ത സമയത്ത് വിരാട് കോഹ്ലിയും ആക്രമണം അഴിച്ചു വിട്ടിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നായേനെ.”- മൂഡി കൂട്ടിച്ചേർക്കുന്നു.
ഡൽഹിക്കെതിരായ മത്സരത്തിലെ പരാജയം ബാംഗ്ലൂരിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. 45 പന്തുകളിൽ 87 റൺസെടുത്ത ഫിൽ സോൾട്ട് ഡൽഹിയുടെ കാവലാളായി മാറിയപ്പോൾ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് ബാംഗ്ലൂരിന് കല്ലുകടിയാവുകയായിരുന്നു. ഈ പരാജയത്തോടെ കൂടി നിലവിൽ പോയിന്റ്സ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂർ നിൽക്കുന്നത്. ഇതുവരെ 10 മത്സരങ്ങൾ കളിച്ച ബാംഗ്ലൂർ അഞ്ചു മത്സരങ്ങളിൽ വിജയിക്കുകയും അഞ്ച് മത്സരങ്ങളിൽ പരാജയമറിയുകയുമാണ് ചെയ്തിട്ടുള്ളത്.