2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ ഓപ്പണർ വിരാട് കോഹ്ലി. ഈ ലോകകപ്പിലൂടനീളം മോശം പ്രകടനങ്ങളുമായി വളരെയധികം പഴികേട്ട കോഹ്ലിയുടെ ഒരു പക്വതയാർന്ന തിരിച്ചുവരമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടമാവുകയുണ്ടായി. ഇതിന് ശേഷം കൃത്യമായി ക്രീസിലുറച്ച കോഹ്ലി ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. മത്സരത്തിൽ 59 പന്തുകൾ നേരിട്ട കോഹ്ലി 76 റൺസാണ് നേടിയത്. കോഹ്ലിയുടെ മികവിൽ ഭേദപ്പെട്ട ഒരു സ്കോറിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ 3 തകർപ്പൻ ബൗണ്ടറികൾ പായിച്ചാണ് വിരാട് കോഹ്ലി ആരംഭിച്ചത്. ശേഷം രോഹിത് ശർമയും അടുത്ത ഓവറിൽ ബൗണ്ടറികൾ നേടുകയുണ്ടായി. എന്നാൽ ഇതിന് പിന്നാലെ ഇന്ത്യക്ക് രോഹിത് ശർമയുടെയും പന്തിന്റെയും വിക്കറ്റ് നഷ്ടമായി.
പിന്നീട് എത്തിയ സൂര്യകുമാർ യാദവ് പെട്ടെന്ന് തന്നെ മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ഈ സമയത്ത് തന്റേതായ രീതിയിൽ വളരെ പക്വതയോടെയാണ് കോഹ്ലി കളിച്ചത്. ഒരു വശത്ത് അക്ഷർ പട്ടേലിന് ആക്രമിച്ചു കളിക്കാൻ അവസരം നൽകിയ കോഹ്ലി മറുവശത്ത് വിക്കറ്റ് കാക്കുകയായിരുന്നു.
ഇത്തരത്തിൽ ഇന്നിങ്സിന്റെ മധ്യഭാഗങ്ങളിൽ പതിയെ നീങ്ങാൻ കോഹ്ലിക്ക് സാധിച്ചു. 48 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ അർദ്ധസെഞ്ചറി പൂർത്തീകരിച്ചത്. എന്നാൽ ഇതിന് ശേഷം വിരാട് കോഹ്ലിയുടെ ഒരു വെടിക്കെട്ട് തന്നെയാണ് കാണാൻ സാധിച്ചത്. അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് മേൽ തീയായി മാറാൻ കോഹ്ലിക്ക് സാധിച്ചു.
59 പന്തുകളിൽ നിന്നാണ് കോഹ്ലി മത്സരത്തിൽ 76 റൺസ് സ്വന്തമാക്കിയത്. 6 ബൗണ്ടറികളും 2 സിക്സറുകളും കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നിരുന്നാലും മത്സരത്തിലെ ഇന്നിങ്സ് വളരെ സ്ലോ ആയിരുന്നതിനാൽ തന്നെ വിരാട് കോഹ്ലിക്കെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
കോഹ്ലിയുടെ ഈ മികച്ച പ്രകടനത്തിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 176 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കോഹ്ലിക്കൊപ്പം അവസാന ഓവറുകളിൽ ശിവം ദുബയും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. 16 പന്തുകളിൽ 3 ബൗണ്ടറികളും ഒരു സിക്സറുമടക്കം 27 റൺസ് ദുബെ സ്വന്തമാക്കുകയുണ്ടായി.
ഫൈനൽ മത്സരത്തിൽ ഈ സ്കോർ പ്രതിരോധിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്താൻ ഇന്ത്യയ്ക്ക് മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തേ മതിയാകൂ.