അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ സർവ്വ അധിപത്യത്തിന് ഒരിക്കൽ കൂടി ബലം പകർന്നാണ് യാഷ് നയിക്കുന്ന ഇന്ത്യൻ ടീം ഫൈനലിലേക്ക് സ്ഥാനം പിടിച്ചത്. അണ്ടർ 19 ഫൈനലിൽ ഇംഗ്ലണ്ടിന് എതിരെയാണ് ഇന്ത്യൻ ടീമിന്റെ പോരാട്ടം. തുടർച്ചയായ നാലാമത്തെ അണ്ടർ 19 ലോകകപ്പ് ഫൈനലിലാണ് ഇന്ത്യൻ ടീം കളിക്കുന്നത് എങ്കിൽ 24 വർഷങ്ങൾക്ക് ശേഷം ആദ്യത്തെ കിരീടമാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. അതേസമയം വരുന്ന നിർണായക ഫൈനലിന് മുൻപായി ഇന്ത്യൻ അണ്ടർ 19 സംഘത്തിന് തന്റെ ചില ഉപദേശങ്ങൾ നൽകുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലി.2008ൽ വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടീമാണ് അണ്ടർ 19 ലോകകപ്പ് കിരീടം കരസ്ഥമാക്കിയത്.
ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങളായ രാജ്വർധൻ ഹഗർഗെക്കർ, കൗശൽ താംബേസ്, നായകൻ യാഷ് ധൂൾ എന്നിവരുമായിട്ടാണ് വിരാട് കോഹ്ലി സൂം ആപ്ലിക്കേഷനിൽ കൂടി സംസാരിച്ചത്. താരങ്ങൾക്ക് എല്ലാം വളരെ അധികം പ്രചോദന വാക്കുകൾ നൽകിയ വിരാട് കോഹ്ലി എല്ലാ ആശംസകളും നേർന്നു.
കൂടാതെ തങ്ങളുടെ റോൾ മോഡലായ വിരാട് കോഹ്ലിയുമായി ആന്റിഗ്വയിലെ ഹോട്ടൽ മുറികളിൽ നിന്ന് സൂം കോളിൽ സംസാരിക്കാൻ കഴിഞ്ഞ സന്തോഷം താരങ്ങൾ എല്ലാം സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി പങ്കുവെച്ചിരുന്നു. നേരത്തെ അണ്ടർ 19 ഇന്ത്യൻ ടീം ലോകകപ്പിനായി പുറപ്പെടും മുൻപായി ഇന്ത്യൻ നായകനായിട്ടുള്ള രോഹിത് ശർമ്മയുമായി സംസാരിച്ചിരുന്നു.
നേരത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷായോ എൻസിഎ മേധാവി വിവിഎസ് ലക്ഷ്മണനും സീനിയർ താരമായ കോഹ്ലിയോട് യുവ ടീമുമായി ഉടനെ സംവദിക്കാൻ ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.നിലവിൽ വിൻഡീസ് എതിരായ പരമ്പരക്കായി ഇന്ത്യൻ ടീമിനോപ്പമാണ് കോഹ്ലി.ഇന്ത്യൻ ടീം ക്യാപ്റ്റൻ യാഷ് ദുൽ (110) സെഞ്ച്വറി നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ 96 റൺസ് ജയമാണ് ടീം ഇന്ത്യ സെമിയിൽ സ്വന്തമാക്കിയത്.