വിമർശനങ്ങൾ തല്ലിത്തകർത്ത് വിരാട് കോഹ്ലിയുടെ ഒരു തകർപ്പൻ തിരിച്ചുവരവ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഒരു നിർണായ സെഞ്ചുറി നേടിയാണ് വിരാട് കോഹ്ലി നിറഞ്ഞാടിയത്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ വിരാട് കോഹ്ലി കേൾക്കുകയുണ്ടായി. അതിനെല്ലാത്തിനുമുള്ള മറുപടിയാണ് വിരാട് ഈ കിടിലൻ ഇന്നിങ്സിലൂടെ നൽകിയിരിക്കുന്നത്. വിരാടിന്റെ ടെസ്റ്റ് കരിയറിലെ 28ആമത്തെ സെഞ്ച്വറിയാണ് അഹമ്മദാബാദിൽ പിറന്നത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 480 എന്ന ഭീമാകാരമായ സ്കോർ സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി ആദ്യം അടിച്ചു തകർത്തത് ശുഭ്മാൻ ഗില്ലായിരുന്നു. ഗിൽ ഇന്നിങ്സിൽ 128 റൺസ് നേടുകയുണ്ടായി. ശേഷം ഇന്ത്യൻ ഇന്നിംഗ്സിൽ നാലാമനായാണ് കോഹ്ലി എത്തിയത്. ആദ്യ ബോൾ മുതൽ വളരെ സൂക്ഷിച്ചു തന്നെയായിരുന്നു വിരാട് കോഹ്ലി കളിച്ചത്. വളരെ ബുദ്ധിപരമായ സമീപനത്തിലൂടെ കോഹ്ലി ഇന്ത്യൻ ഇന്നിങ്സിന്റെ നിയന്ത്രണം പിടിച്ചെടുത്തു.
ഇന്നിംഗ്സിൽ 241 പന്തുകളിൽ നിന്നാണ് വിരാട്ട് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 5 ബൗണ്ടറിലാണ് ഉൾപ്പെട്ടത്. സാധാരണയിൽ നിന്ന് വിപരീതമായി പിച്ചിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി കെട്ടിപ്പടുത്ത ഇന്നിങ്സിന് ബലം കൂടുതലാണ്. തനിക്കെതിരെ ഉയർന്ന വലിയ വിമർശനങ്ങൾക്ക് ഈ ഇന്നിംഗ്സിലൂടെ മറുപടി നൽകിയിരിക്കുകയാണ് വിരാട്ട്. മാത്രമല്ല ഇന്ത്യയെ മത്സരത്തിൽ മികച്ച നിലയിൽ എത്തിക്കാനും വിരാട്ടിന് സാധിച്ചിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകം തന്നെയായിരുന്നു കോഹ്ലിയുടെ ഈ ഇന്നിംഗ്സ്. ഇതോടെ മത്സരത്തിൽ കൃത്യമായ ആധിപത്യം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ സ്കോറിങ് റേറ്റ് വർദ്ധിപ്പിച്ച് നാലാം ദിവസം തന്നെ ഒരു വമ്പൻ ലീഡിനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്. മത്സരത്തിൽ വിജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമാണ്.