നാണക്കേടിന്റെ “ഡക്ക് റെക്കോർഡ്” സ്വന്തമാക്കി കോഹ്ലി. കരിയറിലെ ആദ്യ T20 ഗോൾഡൻ ഡക്ക്.

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഗോൾഡൻ ഡക്കായി ആണ് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി മടങ്ങിയത്. വളരെ നാളുകൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയ കോഹ്ലിക്ക് തരക്കേടില്ലാത്ത തുടക്കമായിരുന്നു രണ്ടാം ട്വന്റി20യിൽ ലഭിച്ചത്. എന്നാൽ അത് മുതലെടുക്കുന്നതിൽ കോഹ്ലി പരാജയപ്പെട്ടു.

മൂന്നാം മത്സരത്തിൽ പൂജ്യനായി മടങ്ങിയതോടെ നിരാശജനകമായ ചില റെക്കോർഡുകളും കോഹ്ലി തന്റെ പേരിൽ ചേർത്തിട്ടുണ്ട്. കോഹ്ലിയുടെ ട്വന്റി20 കരിയറിലെ ആദ്യ ഗോൾഡൻ ഡക്കാണ് മത്സരത്തിൽ പിറന്നത്. മാത്രമല്ല ഓപ്പണിംഗ് മുതല്‍ ഏഴാം സ്ഥാനത്ത് വരെ ബാറ്റ് ചെയ്യുന്നവരില്‍ ഏറ്റവുമധികം തവണ ഡക്കായി മടങ്ങിയിട്ടുള്ള ഇന്ത്യൻ ബാറ്റർ എന്ന മോശം റെക്കോർഡിൽ ഇടം പിടിക്കാനും കോഹ്ലിയ്ക്ക് സാധിച്ചു.

സച്ചിൻ ടെണ്ടുൽക്കറുടെ പൂജ്യം റെക്കോർഡാണ് കോഹ്ലി മറികടന്നത്. ഇന്ത്യയ്ക്കായി കളിക്കുമ്പോൾ ഇതുവരെ 35 തവണയാണ് കോഹ്ലി പൂജ്യനായി മടങ്ങിയിട്ടുള്ളത്. സച്ചിൻ ടെണ്ടുൽക്കർ തന്റെ അന്താരാഷ്ട്ര കരിയറിൽ 34 തവണ പൂജ്യനായി മടങ്ങിയിരുന്നു. ഇന്ത്യയ്ക്കായി 33 തവണ ഡക്ക് ആയിട്ടുള്ള രോഹിത് ശർമയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്.

വീരേന്ദർ സേവാഗ് ഇന്ത്യക്കായി കളിക്കുമ്പോൾ 31 തവണ പൂജ്യനായി മടങ്ങിയിട്ടുണ്ട്. 29 തവണ പൂജ്യനായി മടങ്ങിയിട്ടുള്ള സൗരവ് ഗാംഗുലി ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. അഫ്ഗാനെതിരായ മത്സരത്തിൽ പൂജ്യനായി മടങ്ങിയതോടെ ഈ ലിസ്റ്റിൽ ഇവരുടെയൊക്കെയും മുകളിലെത്താൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ ലഭിച്ചത്. ഓപ്പണർ ജെയിസ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷമാണ് വിരാട് കോഹ്ലി ക്രീസിലെത്തിയത്. താൻ നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്ലി പുറത്താവുകയായിരുന്ന.

ഫരീദ് അഹമ്മദെറിഞ്ഞ പന്ത് കോഹ്ലി പുൾ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് വായുവിൽ ഉയരുകയും മിഡോഫിൽ ഇബ്രാഹിം സദ്രാൻ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ തകരുകയായിരുന്നു.

ശേഷം ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരങ്ങളിലെ നിറസാന്നിധ്യമായ ശിവം ദുബയുടെ വിക്കറ്റും നഷ്ടമായി. പിന്നാലെയെത്തിയ സഞ്ജു സാംസണും പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ 22ന് 4 എന്ന നിലയിൽ തകരുകയായിരുന്നു.

അവിടെ നിന്നാണ് രോഹിത് ശർമയും റിങ്കു സിങ്ങും ചേർന്ന് ഇന്ത്യയെ കൈ പിടിച്ചു കയറ്റിയത്. മത്സരത്തിൽ മികച്ച ഒരു സ്കോർ കെട്ടിപ്പടുത്ത് അഫ്ഗാനിസ്ഥാനെതിരായ പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

Previous articleഅവസരം നശിപ്പിച്ച് സഞ്ജു സാംസൺ. മൂന്നാം മത്സരത്തിൽ ഗോൾഡൻ ഡക്ക്. ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ.
Next articleസെഞ്ചുറിയുമായി ഹിറ്റ്മാന്‍ മുന്നില്‍ നിന്നും നയിച്ചു. രക്ഷകനായി റിങ്കുവും. ഇന്ത്യക്ക് മികച്ച സ്കോര്‍.