ആരാണ് കള്ളം പറയുന്നത് ? ദാദയോ കോഹ്ലിയോ ? വീണ്ടും വിവാദങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തെ വളരെ അധികം വിമർശനങ്ങളിലേക്കാണ് ഏകദിന ക്യാപ്റ്റൻസി മാറ്റം എത്തിച്ചത്. ഏകദിന നായകനായി രോഹിത് ശർമ്മ എത്തിയപ്പോൾ നിലവിലെ നായകനായ വിരാട് കോഹ്ലിയെ ആ സ്ഥാനത്തിൽ നിന്നും മാറ്റിയ രീതി വിവാദങ്ങൾക്ക് കൂടി തുടക്കം കുറിച്ചു. ടി :20 ഫോർമാറ്റിൽ നിന്നും ടി :20 ലോകകപ്പിന് ശേഷം തന്റെ നായക സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലി ഏകദിന ക്യാപ്റ്റനായി 2023ലെ വേൾഡ് കപ്പ്‌ വരെ തുടരുവാൻ ആഗ്രഹിച്ചിരുന്നു.

എന്നാൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഒരൊറ്റ നായകൻ എന്നുള്ള ശക്തമായ തീരുമാനത്തിലേക്ക് സെലക്ഷൻ കമ്മിറ്റി എത്തിയതാണ് കോഹ്ലിക്ക്‌ സ്ഥാനം നഷ്ടമാകാനുള്ള കാരണം.ഇക്കാര്യമാണ് ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം തന്നെ വിശദാമാക്കിയത്.

എന്നാൽ ഇപ്പോൾ ഇക്കാര്യങ്ങളിൽ എല്ലാം തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് വിരാട് കോഹ്ലി. വിവാദങ്ങൾക്കിടയിൽ കോഹ്ലി ആദ്യമായയിട്ടാണ് മനസ്സ് തുറന്നത് എന്നതും ശ്രദ്ധേയം. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും മാറ്റിയ തീരുമാനം ടീം പ്രഖ്യാപനത്തിനും ഒന്നര മണിക്കൂർ മുൻപാണ് അറിഞ്ഞതെന്ന് പറഞ്ഞ കോഹ്ലി തന്റെ ഏകദിന നായക സ്ഥാനം നഷ്ടമായ തീരുമാനത്തിൽ യാതൊരു വിഷമമോ എതിർപ്പോ തന്നെ പ്രകടിപ്പിച്ചില്ല. അതേസമയം കഴിഞ്ഞ ദിവസം ഗാംഗുലി പറഞ്ഞ വാദങ്ങളെ എല്ലാം തന്നെ പ്രസ്സ് മീറ്റിൽ തള്ളി കളഞ്ഞ ടെസ്റ്റ്‌ നായകൻ പുതിയ വിവാദങ്ങൾക്ക്‌ കൂടി തുടക്കം കുറിച്ചു. ടി :20 ക്യാപ്റ്റൻസി റോൾ ഒഴിയരുതെന്ന് താൻ കോഹ്ലിക്ക്‌ മുൻപിൽ എത്തി ആവശ്യം ഉന്നയിച്ചതായി ഗാംഗുലി പറഞ്ഞെങ്കിലും ഇക്കാര്യം തള്ളി കളയുകയാണ് കോഹ്ലി ഇപ്പോൾ.

“എന്റെ വർക്ക്‌ ലോഡിനെ കുറിച്ചും ടി :20 ക്യാപ്റ്റൻസി ഒഴിയാനുള്ള തീരുമാനത്തെ കുറിച്ചും ഞാൻ എല്ലാവരോടും തന്നെ വിശദമായി സംസാരിച്ചതാണ്. എന്നാൽ ആരും തന്നെ എന്നോട് തീരുമാനത്തിൽ നിന്നും മാറുവാൻ പറഞ്ഞിരുന്നില്ല.ഒപ്പം ആരും ഇക്കാര്യത്തിൽ വ്യത്യസ്‌തമായ നിലപാടും പറഞ്ഞില്ല.”കോഹ്ലി വ്യക്തമാക്കി.

ടി :20 ക്യാപ്റ്റൻസി ഇപ്പോൾ ഒഴിയേണ്ട എന്നുള്ള ആവശ്യമാണ് എല്ലാവരും ഉണയിച്ചതെന്നുള്ള സൗരവ് ഗാംഗുലി അഭിപ്രായത്തെ എതിർത്താണ് കോഹ്ലിയുടെ ഇപ്പോഴത്തെ പരാമർശം എന്നതും ശ്രദ്ധേയം. ഇതാണ് ക്രിക്കറ്റ്‌ ലോകത്ത് പുത്തൻ ചർച്ചകൾക്ക് കൂടി തുടക്കം കുറിക്കുന്നത്.