25000 റണ്‍സുമായി ചരിത്രം കുറിച്ച് വിരാട് കോഹ്ലി!! മറികടന്നത് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 25,000 റൺസ് പൂർത്തീകരിക്കുന്ന ക്രിക്കറ്റർ എന്ന റെക്കോർഡാണ് വിരാട് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് വിരാട് ഈ റെക്കോർഡിൽ അമരത്ത് എത്തിയിരിക്കുന്നത്. മത്സരത്തിൽ ഒരു തകർപ്പൻ ബൗണ്ടറിയിലൂടെയായിരുന്നു വിരാട് ഈ ചരിത്രനേട്ടം കൈവരിച്ചത്.

കേവലം 31313 പന്തുകൾ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ നേരിട്ടാണ് വിരാട് ഈ അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 549 ഇന്നിങ്സുകളാണ് 25000 റൺസ് പൂർത്തീകരിക്കാൻ വിരാട് കോഹ്ലിക്ക് ആവശ്യമായി വന്നത്. 577 ഇന്നിങ്സുകളിൽ നിന്നായിരുന്നു ഇന്ത്യയുടെ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഈ റെക്കോർഡ് നേടിയത്. 588 ഇന്നിംഗ്സുകളിൽ നിന്ന് 25000 റൺസ് പൂർത്തീകരിച്ച ഓസ്ട്രേലിയൻ മുൻനായകൻ റിക്കി പോണ്ടിംഗ് ആണ് ലിസ്റ്റിലെ മൂന്നാമൻ.

2010ൽ ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ച വിരാട് നിലവിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലെയും മികച്ച ബാറ്റർ തന്നെയാണ്. ഏറ്റവും വേഗതയിൽ ഏകദിനങ്ങളിൽ 11000 റൺസ് കുറിച്ച ബാറ്ററായി കോഹ്ലി മുൻപ് മാറിയിരുന്നു. മാത്രമല്ല 105 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 8131 റൺസും വിരാട് കോഹ്ലി നേടിയിട്ടുണ്ട്. ഇതിൽ 27 സെഞ്ചുറികളും ഉൾപ്പെടുന്നു. ഇതിനുപുറമെ 115 ട്വന്റി20 മത്സരങ്ങളിൽ നിന്നായി 4008 റൺസും വിരാട്ടിന്റെ സമ്പാദ്യമാണ്.

സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസ് പൂർത്തീകരിക്കുന്ന ആദ്യ ക്രിക്കറ്റർ കൂടിയാണ് വിരാട് കോഹ്ലി. മത്സരത്തിൽ രോഹിത് ശർമയും കെഎൽ രാഹുലും കൂടാരം കയറിയ ശേഷമായിരുന്നു വിരാട് ക്രീസിൽ എത്തിയത്. ഇന്ത്യക്കായി ഇതുവരെ മികച്ച ബാറ്റിംഗ് തന്നെയാണ് വിരാട് കോഹ്ലി കാഴ്ച വെച്ചിട്ടുള്ളത്.

Previous articleഓസ്ട്രേലിയയുടെ അടിവേരിളക്കി ജഡേജ !! എറിഞ്ഞിട്ടത് 7 കംഗാരുവീരന്മാരെ
Next articleഇന്ത്യൻ പവറിൽ ഓസ്ട്രേലിയ ഭസ്മം!! രണ്ടാം ടെസ്റ്റിലെ വിജയം 6 വിക്കറ്റുകൾക്ക്.