ഐപിഎൽ പതിനഞ്ചാം സീസണിലെ രണ്ടാം റൗണ്ട് മത്സരങ്ങൾ ബുധനാഴ്ച തുടങ്ങിയിരിക്കുകയാണ്. ആവേശകരമായ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ ബാംഗ്ലൂർ പരാജയപ്പെടുത്തി സീസണിലെ ആദ്യ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ഇത്തവണത്തെ ഐപിഎല്ലിലെ മികച്ച രണ്ടു ടീമുകൾ ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് വിരാട് കോഹ്ലിയുടെ മുൻ കോച്ചായ രാജകുമാർ ശർമ.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും, ഇന്ത്യൻതാരം മായങ്ക് അഗർവാൾ നയിക്കുന്ന പഞ്ചാബ് കിങ്സും ആയിരിക്കും ഇത്തവണത്തെ മികച്ച ടീമുകൾ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഇരു ടീമുകളും മികച്ച വിജയത്തോടെയാണ് ഐപിഎല്ലിന് തുടക്കം കുറിച്ചത്. ഇരുടീമുകളും മികച്ച ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കുന്ന കളിക്കാർ ഉണ്ടെന്നും, തനിച്ച് മത്സരങ്ങൾ വിജയിപ്പിക്കാൻ ശേഷിയുള്ള താരങ്ങളാണ് ഇവരെന്നും ശർമ അഭിപ്രായപ്പെട്ടു. ഇരു ടീമുകളിലും ചുരുങ്ങിയത് 3-4 സ്പിന്നർമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ടു ടീമുകളും പ്ലേ ഓഫിൽ എത്തും എന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിലെ പ്രഥമ ചാമ്പ്യന്മാർ ആണ് രാജസ്ഥാൻ. പഞ്ചാബ് ആകട്ടെ 2014 ന് ശേഷം പ്ലേഓഫ് കളിച്ചിട്ടും ഇല്ല. രാജസ്ഥാൻ അവസാനമായി പ്ലേ ഓഫിൽ കയറിയത് 2018 ലാണ്. ഇത്തവണ ഇരുടീമുകളും മികച്ച മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ആദ്യ റൗണ്ടില്‍ ദയനീയ പരാജയമേറ്റുവാങ്ങിയെങ്കിലും കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരബാദിനെ എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നു രാജ്കുമാര്‍ ശര്‍മ പറഞ്ഞു. ഹൈദരാബാദിനു കുറച്ചു സമയം കൊടുക്കാം, മെച്ചപ്പെട്ട തന്ത്രങ്ങളുമായി അവര്‍ തിരിച്ചുവരുമോയെന്നു നോക്കാമെന്നും ശര്‍മ അഭിപ്രായപ്പെട്ടു.