കോഹ്ലി : അനുഷ്ക ദമ്പതികളുടെ ആഹ്വാനം ഏറ്റെടുത്ത് ആരാധകർ – 24 മണിക്കൂറിനുള്ളിൽ ധനസമാഹരണ ക്യാംപയിനിന്റെ വക 3.6 കോടി രൂപ

ഇന്ത്യയിൽ കോവിഡ്  വ്യാപനം അതിരൂക്ഷമായി തുടരവേ വളരെയേറെ പ്രാധാന്യമുള്ള  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്നലെ   ജനങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ധനസമാഹരണം  നടത്തുവാൻ തീരുമാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്കും  ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക  ശർമ്മക്കും അഭിനന്ദന പ്രവാഹം .ഇരുവരുടെയും പ്രവർത്തിയെ  ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് .

ഇന്നലെ രണ്ട് കോടി രൂപ നല്‍കിയാണ് ഇരുവരും ‘ഇൻ ദിസ് ടുഗതർ’  എന്ന കോവിഡ്  ധനസമാഹരണ ക്യാംപയിന്  തുടക്കമിട്ടത്. ക്യാംപയിന് ഇപ്പോൾ  പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ കെറ്റോ വഴിയാണ് ഇരുവരും പണം സമാഹരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് ഏഴ് കോടി രൂപ കണ്ടെത്താം എന്നാണ് ആലോചന.

അതേസമയം ഇപ്പോൾ വിരാട് കോഹ്ലി അറിയിക്കുന്നത്‌ പ്രകാരം ഏഴ് കോടി രൂപ ലക്ഷ്യമിട്ടുള്ള ഫണ്ട് ശേഖരം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 3.6 കോടി ലഭിച്ചു. ഇക്കാര്യം കോലിയും അനുഷ്‌കയും സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെയാണ് അറിയിച്ചത്  ഏഴ് കോടി രൂപയെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനും രാജ്യത്തെ സഹായിക്കാനും പോരാട്ടം നമുക്ക്  തുടരാമെന്ന് കോലി ട്വിറ്ററില്‍ കുറിച്ചിട്ടു .

നേരത്തെ ഐപിൽ കളിച്ച ചില താരങ്ങളും രാജസ്ഥാൻ റോയൽസ് അടക്കം ഫ്രാഞ്ചസികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി  പണം സംഭാവന ചെയ്തിരുന്നു . ഏറെ അവശത അനുഭവിക്കുന്ന  കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജൻ അടക്കമുള്ള  ചികിത്സാ സൗകര്യങ്ങൾ ഉടനടി  എത്തിക്കാനാണ് ധനസമാഹരണത്തിൽ കൂടി ലഭിക്കുന്ന തുക ചിലവഴിക്കുക  എന്നാണ് കോഹ്ലി : അനുഷ്ക ദമ്പതികൾ വ്യക്തമാക്കുന്നത് .