അവസാന ഓവർ വരെ ആകാംക്ഷയും സസ്പെൻസും നിലനിന്ന മത്സരത്തിൽ കൊൽക്കത്തക്ക് എതിരെ ഏഴ് റൺസ് ജയം കരസ്ഥമാക്കി രാജസ്ഥാൻ റോയൽസ്. രണ്ട് ടീമുകളും 200 പ്ലസ് ടോട്ടൽ ഉയർത്തിയ മത്സരത്തിൽ ശ്രേയസ് അയ്യർ, ആരോൺ ഫിഞ്ച് എന്നിവരുടെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറി പ്രകടനങ്ങൾക്ക് പുറമേ ഉമേഷ് യാദവിന്റെ അപ്രതീക്ഷിത ബാറ്റിങ്ങും രാജസ്ഥാൻ റോയൽസ് ടീമിന് ഭീക്ഷണി ഉയർത്തിയെങ്കിലും അവസാന വിജയം സഞ്ജു സാംസണിലേക്ക് എത്തി.
സ്റ്റാർ ഓപ്പണർ ജോസ് ബട്ട്ലർ 61 പന്തിൽ 103 റൺസ്, വെറും 19 ബോളിൽ 38 റൺസുമായി സഞ്ജു സാംസൺ എന്നിവർ തിളങ്ങിയപ്പോൾ 217 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്തക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി എങ്കിലും പിന്നീട് രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഫിഞ്ച് :ശ്രേയസ് അയ്യർ കൂട്ടുകെട്ട് രാജസ്ഥാൻ ക്യാമ്പിൽ ഏറെ ആശങ്ക സൃഷ്ടിച്ചു.
പതിനേഴാം ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ചാഹൽ തന്റെ ഐപിഎല്ലിലെ ആദ്യത്തെ 5 വിക്കറ്റും കൂടാതെ ഹാട്രിക്ക് നേട്ടവും പൂർത്തിയാക്കി. ഐപിഎല്ലിൽ ആദ്യമായിട്ടാണ് ചാഹൽ 5 വിക്കറ്റുകൾ വീഴ്ത്തുന്നത്. നിലവിൽ പർപ്പിൾ ക്യാപ്പ് നേടിയ ചാഹൽ ലിസ്റ്റിൽ ബഹുദൂരം മുൻപിലാണ്. അതേസമയം ഇന്നലത്തെ മത്സരത്തിൽ ചില നാടകീയ സംഭവങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷിയായി.
പതിനേഴാം ഓവറിലെ നാലാം ബോളിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി വിക്കെറ്റ് നഷ്ടമാക്കിയ ശ്രേയസ് അയ്യർ വളരെ അധികം നിരാശനായിട്ടാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ഒരുവേള കൊൽക്കത്ത ടീമിനെ അവസാന ഓവറുകളിൽ ജയിപ്പിക്കുമെന്ന് തോന്നിപ്പിച്ച ശ്രേയസ് അയ്യർക്ക് ചാഹലിന്റെ മികവിന് മുൻപിൽ പിടിച്ചുനിൽക്കാനായില്ല.
വിക്കെറ്റ് നഷ്ടമായ ശേഷം കൊൽക്കത്ത ഡ്രസ്സിംഗ് റൂമിലേക്ക് നീങ്ങിയ ശ്രേയസ് അയ്യർ കോച്ച് ബ്രെണ്ടൻ മക്കല്ലത്തിനോടായി എന്തോ അതീവ ഗൗരവമായി പറഞ്ഞത് ഇതിനകം തന്നെ വൈറലായി മാറി കഴിഞ്ഞു. ഡൗഗ് ഔട്ടിൽ ഇരുന്ന കോച്ചിനോട് തന്റെ എല്ലാ നിരാശയും വിശദമാക്കിയ ശ്രേയസ് അയ്യർ മൈതാനത്തിലേക്ക് ചൂണ്ടികാട്ടി എന്തോ കാര്യത്തിലുള്ള നിരാശയും ദേഷ്യവും തുറന്ന് കാണിച്ചു.