രോഹനും കൃഷ്ണപ്രസാദിനും സെഞ്ച്വറി. 50 ഓവറിൽ 383 റൺസ് നേടി കേരളം. മഹാരാഷ്ട്രയെ അടിച്ചൊതുക്കി.

rohan kunnummal 2

വിജയ് ഹസാരെ ട്രോഫിയുടെ പ്രീക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്ര ടീമിനെതിരെ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് കേരളം. നിർണായക മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 383 റൺസാണ് കേരളം സ്വന്തമാക്കിയത്. ഓപ്പണർമാരായ കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ച്വറിയുടെ മികവിലായിരുന്നു കേരളത്തിന്റെ ഈ മിന്നുന്ന ബാറ്റിംഗ് പ്രകടനം. ഇരുവരും മത്സരത്തിന്റെ ആദ്യ ബോൾ മുതൽ കേരളത്തിനായി അഴിഞ്ഞാടുന്നതാണ് കണ്ടത്. മറുവശത്ത് മഹാരാഷ്ട്ര ബോളിംഗ് നിരയിലെ എല്ലാ ബോളർമാരും കേരള ബാറ്റർമാരുടെ കയ്യിൽ നിന്ന് നന്നായി തല്ലുകൊണ്ടു. ഈ മികച്ച സ്കോർ മത്സരത്തിൽ പ്രതിരോധിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരള ബോളർമാർ.

മത്സരത്തിൽ ടോസ് നേടിയ മഹാരാഷ്ട്ര ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് തങ്ങളുടെ ഓപ്പണർ നൽകിയത്. കൃഷ്ണ പ്രസാദും രോഹൻ കുന്നുമ്മലും ആദ്യ ഓവറുകളിൽ തന്നെ മഹാരാഷ്ട്രയുടെ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചിരുന്നു. പവർപ്ലേ ഓവറുകളിലെ മുൻതൂക്കം അതിന് ശേഷം തുടരാനും ഇരുവർക്കും സാധിച്ചു. ഇതോടെ ആദ്യ വിക്കറ്റിൽ തന്നെ ഒരു സ്വപ്നതുല്യ കൂട്ടുകെട്ടാണ് കേരളത്തിന് ലഭിച്ചത്. മത്സരത്തിന്റെ ആദ്യ 30 ഓവറുകളിൽ പൂർണ്ണമായും കേരളം ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

രോഹൻ കുന്നുമ്മലും കൃഷ്ണ പ്രസാദും ചേർന്ന് ഒന്നാം വിക്കറ്റിൽ 218 റൺസാണ് കൂട്ടിച്ചേർത്തത്. മത്സരത്തിൽ ഇരു ബാറ്റർമാരും തകർപ്പൻ സെഞ്ചുറികൾ സ്വന്തമാക്കുകയുണ്ടായി. 83 പന്തുകളിൽ നിന്നായിരുന്നു രോഹൻ കുന്നുമ്മൽ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. കൃഷ്ണ പ്രസാദ് 114 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തീകരിച്ചു. സെഞ്ച്വറി നേടിയ ശേഷവും ഇരുവരും അടിച്ചു തകർക്കുന്നതാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ 95 പന്തുകളിൽ 18 ബൗണ്ടറീകളും ഒരു സിക്സറുമടക്കം 120 റൺസാണ് നേടിയത്. രോഹൻ പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു സാംസനും(29) ആദ്യബോൾ മുതൽ അടിച്ചു തകർക്കാൻ തന്നെയാണ് ശ്രമിച്ചത്.

Read Also -  രോഹിതും കോഹ്ലിയുമല്ല, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് ബാബർ ആസം.

ഒരുവശത്ത് കൃഷ്ണ പ്രസാദ് ആക്രമണം അഴിച്ചുവിട്ടതും കേരളത്തിന് വലിയ സ്വപ്നങ്ങൾ നൽകി. മത്സരത്തിൽ കൃഷ്ണപ്രസാദ് 137 പന്തുകളിൽ 144 റൺസ് നേടി മികവ് പുലർത്തി. ഇന്നിംഗ്സിൽ 13 ബൗണ്ടറികളും 4 സിക്സറുകളുമാണ് ഉൾപ്പെട്ടത്. ഒപ്പം അവസാന ഓവറുകളിൽ അബ്ദുൽ ബാസിതും(34*) വിഷ്ണു വിനോദും(43) കൂടി കളം നിറഞ്ഞതോടെ കേരളം വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. നിശ്ചിത 50 ഓവറുകളിൽ 383 റൺസാണ് കേരളം സ്വന്തമാക്കിയത്. പ്രീക്വാർട്ടർ മത്സരത്തിൽ ഈ സ്കോർ പ്രതിരോധിച്ച് ക്വാർട്ടറിലേക്ക് പ്രവേശനം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരളം. എന്നിരുന്നാലും ബാറ്റിംഗിന് ഇത്രമാത്രം അനുകൂലമായ പിച്ചിൽ മികച്ച ബോളിംഗ് പ്രകടനം കൂടിയുണ്ടെങ്കിൽ മാത്രമേ കേരളത്തിന് വിജയം നേടാൻ സാധിക്കൂ.

Scroll to Top