ത്രിപുരയെ എറിഞ്ഞ് തുരത്തി കേരളത്തിന്റെ തീയുണ്ടകൾ. 119 റൺസിന്റെ കൂറ്റൻ വിജയം.

sanju and kerala cricket team

ത്രിപുരയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ പടുകൂറ്റൻ വിജയം സ്വന്തമാക്കി കേരള ടീം. മത്സരത്തിൽ 119 റൺസിന്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനും രോഹൻ കുന്നുമ്മലുമായിരുന്നു ബാറ്റിംഗിൽ തിളങ്ങിയത്. ബോളിംഗിൽ അഖിൻ, അഖിൽ സ്കറിയ, വൈശാഖ് ചന്ദ്രൻ തുടങ്ങിയവർ മികച്ച പ്രകടനം പുറത്തെടുത്തതോടെ കേരളം ഒരു ഉഗ്രൻ വിജയം തന്നെ സ്വന്തമാക്കുകയായിരുന്നു. കേരളത്തിന്റെ ടൂർണമെന്റിലെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്താനും കേരളത്തിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ത്രിപുര ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് ഓപ്പണർമാരായ അസറുദ്ദീനും രോഹൻ കുന്നുമ്മലും നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കേരളത്തിനായി 95 റൺസിന്റെ പടുകൂറ്റൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി. അസറുദ്ദീൻ മത്സരത്തിൽ 61 പന്തുകളിൽ 58 റൺസ് നേടിയപ്പോൾ, രോഹൻ കുന്നുമ്മൽ 70 പന്തുകളിൽ 44 റൺസാണ് നേടിയത്. എന്നാൽ ഇരുവർക്കും ശേഷം പിന്നീടെത്തിയ ബാറ്റർമാരാരും മികവ് പുലർത്താതിരുന്നത് കേരളത്തെ ബാധിച്ചു. നായകൻ സഞ്ജു സാംസനും(1) വിഷ്ണു വിനോദും(2) അടക്കമുള്ളവർ ബാറ്റിംഗിൽ പരാജയപ്പെട്ടപ്പോൾ കേരളം പതറുകയായിരുന്നു. എന്നാൽ പിന്നീടാണ് ശ്രേയസ് ഗോപാൽ ക്രീസിലെത്തി വെടിക്കെട്ട് തീർത്തത്.

Read Also -  കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.

മത്സരത്തിന്റെ അവസാന ഓവറുകളിൽ ത്രിപുരയുടെ ബോളർമാരെ അടിച്ചു തുരത്താൻ ശ്രേയസ് ഗോപാലിനെ സാധിച്ചു. മത്സരത്തിൽ 38 പന്തുകളിൽ 41 റൺസ് ആണ് ഗോപാൽ നേടിയത്. 2 ബൗണ്ടറികളും 3 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ കേരളം 231 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുരയുടെ വിക്കറ്റുകൾ തുടക്കം മുതൽ വീഴ്ത്താൻ കേരളത്തിന് സാധിച്ചിരുന്നു. ത്രിപുരയുടെ മുൻനിരയിലെ ഒരു ബാറ്റർക്ക് പോലും കേരള പേസർമാർക്കെതിരെ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. അഖിൽ സ്കറിയയും അഖിനും ആദ്യ ഓവറുകളിൽ തന്നെ പൂർണമായും ത്രിപുരയെ സമ്മർദ്ദത്തിലാക്കി.

ഇതോടെ ത്രിപുര പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. മത്സരത്തിൽ ത്രിപുരയ്ക്കായി ദേയ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ദേയ് മത്സരത്തിൽ 34 പന്തുകളിൽ ഒരു ബൗണ്ടറിയും 5 സിക്സറുകളുമടക്കം 46 റൺസ് നേടുകയുണ്ടായി. എന്നാൽ മറ്റു ബാറ്റർമാർ എല്ലാം പരാജയപ്പെട്ടപ്പോൾ ത്രിപുരയുടെ ഇന്നിംഗ്സ് കേവലം 112 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ 119 റൺസിന്റെ വമ്പൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി അഖില്‍ സ്കറിയയും അഖിനും 3 വിക്കറ്റുകൾ വീതം മത്സരത്തിൽ നേടി. വൈശാഖ് ചന്ദ്രൻ 2 വിക്കറ്റുകൾ നേടി ഇരുവർക്കും പിന്തുണ നൽകി.

Scroll to Top