ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ റിഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും പോലെ വമ്പൻ തുക സ്വന്തമാക്കിയ മറ്റൊരു താരമാണ് വെങ്കിടേഷ് അയ്യർ. ലേലത്തിൽ 23.75 എന്ന വമ്പൻ തുകയ്ക്കാണ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണുകളിൽ കൊൽക്കത്തയുടെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു അയ്യർ. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി സാന്നിധ്യമാവാൻ സാധിക്കുന്ന താരമായതിനാൽ തന്നെയാണ് പൊന്നും വില നൽകി കൊൽക്കത്ത ഇത്തവണയും വെങ്കിടേഷ് അയ്യരെ ടീമിൽ എത്തിച്ചത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള ലേല പോരാട്ടത്തിനോടുവിലാണ് അയ്യരെ കൊൽക്കത്തയ്ക്ക് ലഭിച്ചത്. ഇതിന് ശേഷം, അയ്യർ ലേലത്തിന് മുൻപ് പറഞ്ഞ വാക്കുകളെ പറ്റിയാണ് കൊൽക്കത്ത നൈറ്റ് റൈഡഴ്സ് സിഇഒ വെങ്കി മൈസൂർ പറയുന്നത്.
കൊൽക്കത്ത തന്നെ തിരികെ ടീമിലേക്ക് വിളിച്ചില്ലെങ്കിൽ അത് തനിക്ക് വലിയ വേദനയുണ്ടാക്കും എന്ന് വെങ്കിടേഷ് ലേലത്തിന് മുൻപ് പറഞ്ഞതായി വെങ്കി മൈസൂർ ചൂണ്ടിക്കാട്ടുന്നു. “ഈ ഐപിഎൽ ലേലത്തിന് മുൻപ് 6 കളിക്കാരെയാണ് ഞങ്ങൾ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ കളിച്ച 2-3 താരങ്ങളെ ലേലത്തിൽ സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. വെങ്കിടേഷ് അയ്യരെ നഷ്ടപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തരുത് എന്നായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. കാരണം മൈതാനത്ത് എത്രമാത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവന് സാധിക്കുമെന്ന് ഇതിനോടകം അവൻ തെളിയിച്ചിട്ടുണ്ട്.”- മൈസൂർ പറയുന്നു.
“കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് കിരീടം ലഭിച്ചിരുന്നു. അതിന് മുൻപുള്ള സീസണിൽ ഫൈനൽ വരെ എത്താനും ഞങ്ങൾക്ക് സാധിച്ചിരുന്നു. ഈ സാഹചര്യങ്ങളിലൊക്കെയും ഞങ്ങളുടെ ടീമിന്റെ നിർണായക ഘടകമായി മാറിയത് വെങ്കിടേഷ് അയ്യരാണ്. അതുകൊണ്ടു തന്നെ വെങ്കിടേഷ് ഞങ്ങൾക്ക് കൃത്യമായ ഒരു അന്ത്യശാസനം നൽകിയിരുന്നു. ഇത്തവണത്തെ ലേലത്തിൽ അവനെ സ്വന്തമാക്കിയില്ലെങ്കിൽ അവനത് വലിയ വിഷമമാകും എന്ന് മുൻപ് തന്നെ വെങ്കിടേഷ് ഞങ്ങളോട് പറയുകയുണ്ടായി. ഒരു കാരണവശാലും അവനെ നഷ്ടപ്പെടുത്താൻ ഞങ്ങൾ തയ്യാറായിരുന്നില്ല.”- മൈസൂർ കൂട്ടിച്ചേർത്തു.
ഐപിഎൽ ലേലത്തിന് മുമ്പ് വരുൺ ചക്രവർത്തി, റിങ്കു സിങ്, ഹർഷിത് റാണ, സുനിൽ നരേൻ, ആൻഡ്രേ റസൽ, രമൺദീപ് സിംഗ് എന്നിവരെ നിലനിർത്താൻ കൊൽക്കത്ത ടീമിന് സാധിച്ചിരുന്നു. ശേഷം ലേലത്തിൽ വമ്പൻ തുകയ്ക്ക് വെങ്കിടേഷ് അയ്യരെയും കൊൽക്കത്ത തിരികെ വാങ്ങി. ഒപ്പം തങ്ങളുടെ കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളായിരുന്ന റഹ്മാനുള്ള ഗുർബാസ്, വൈഭവ് അറോറ എന്നിവരെയും കൊൽക്കത്ത സ്വന്തമാക്കുകയുണ്ടായി. ഇവരെ കൂടാതെ റൊവ്മാൻ പവൽ, മനീഷ് പാണ്ഡെ അജീങ്ക്യ രഹാനെ, മൊയിൻ അലി, ഉമ്രാൻ മാലിക് എന്നിവരെയും ഇത്തവണ കൊൽക്കത്ത തങ്ങളുടെ ടീമിൽ എത്തിച്ചിട്ടുണ്ട്.