കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ടീമിൽ വളരെയേറെ വിമർശനങ്ങൾ കേട്ടിരുന്ന ക്രിക്കറ്ററാണ് കെ എൽ രാഹുൽ. രാഹുലിന്റെ ഇന്ത്യൻ ടീമിലെ മോശം പ്രകടനങ്ങളായിരുന്നു ഇത്തരത്തിൽ വിമർശനങ്ങൾക്ക് വഴിവെച്ചത്. എന്നാൽ അന്ന് തള്ളിപ്പറഞ്ഞവരെയൊക്കെയും കയ്യടിപ്പിക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ രാഹുൽ കാഴ്ചവച്ചത്. മത്സരത്തിൽ വലിയൊരു നാണക്കേടില്‍ നിന്നാണ് ഇന്ത്യയെ രാഹുൽ കൈപിടിച്ചു കയറ്റിയത്. ഇതിനുശേഷം രാഹുലിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്.
തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ ആയിരുന്നു വെങ്കിടേഷ് പ്രസാദ് കെ എല്‍ രാഹുലിന് പ്രശംസകൾ അറിയിച്ചത്. വളരെയേറെ സമ്മർദ്ദങ്ങളുടെ കീഴിൽ വളരെ പക്വതയോടെയും സംയമനത്തോടെയും കളിക്കാൻ രാഹുലിന് സാധിച്ചു എന്ന് വെങ്കിടേഷ് പ്രസാദ് പറയുന്നു. രാഹുലിന്റെ ഇന്നിംഗ്സും ജഡേജയുടെ മികച്ച പിന്തുണയുമാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം സമ്മാനിച്ചത് എന്നാണ് പ്രസാദിന്റെ പക്ഷം. കഴിഞ്ഞ സമയങ്ങളിൽ പ്രസാദ് രാഹുലിനെതിരെ നിരത്തിയ വിമർശനങ്ങൾക്ക് അറുതി വന്നിരിക്കുകയാണ് ഈ ഇന്നിംഗ്സിലൂടെ.
മത്സരത്തിൽ വലിയ തകർച്ചയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു കെഎൽ രാഹുൽ ക്രീസിൽ എത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 16ന് 3 എന്ന നിലയിൽ തകർന്നിരുന്നു. എന്നാൽ വളരെ സംയമനപൂർവ്വമാണ് പിന്നീട് രാഹുൽ ഓസ്ട്രേലിയൻ ബോളർമാരെ നേരിട്ടത്. അനാവശ്യ ഷോട്ടുകൾക്കും മറ്റും മുതിരാതെ ഇന്ത്യയെ കരയ്ക്കടുപ്പിക്കാൻ രാഹുലിന്റെ ഇന്നിങ്സിന് സാധിച്ചു.
മത്സരത്തിൽ 91 പന്തുകൾ നേരിട്ട രാഹുൽ ഏഴു ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 75 റൺസായിരുന്നു നേടിയത്. ആറാം വിക്കറ്റിൽ ജഡേജയുമൊത്ത് ഒരു സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇന്ത്യയെ വിജയത്തിലെത്തിക്കാനും രാഹുലിന് സാധിച്ചു. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുൻപിൽ എത്തിയിട്ടുണ്ട്.