ലോകത്തിലെ ഏറ്റവും വലിയ ടി :20 ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒന്നാണ് ഐപിൽ. വാണിജ്യമൂല്യം വളരെ ഏറെ കാണുവാൻ സാധിക്കുന്ന ഐപിഎല്ലിൽ കൂടി വളർന്നുവന്ന താരങ്ങൾ വളരെ അധികമാണ്. അവസരങ്ങൾ ലഭിക്കാതെ പോകുന്ന താരങ്ങൾക്ക് എല്ലാം ഐപിൽ ഒരു സുവർണ്ണ അവസരമാണ്. കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷമെത്തിയ താരങ്ങൾളും അനവധിയാണ്. എന്നാൽ ഐപിൽ പതിനാലാം സീസണിലെ മുഖ്യ സ്റ്റാറായി മാറുകയാണ് കൊൽക്കത്ത ടീമിനായി 5 മത്സരങ്ങൾ മാത്രം കളിച്ച വെങ്കടേഷ് അയ്യർ. രണ്ടാംപാദത്തിൽ ഏറെ അവിചാരിതമായി കൊൽക്കത്ത ടീമിന്റെ ഓപ്പണർ റോളിലേക്ക് എത്തിയ താരം ഇതിനകം സീസണിലെ മികച്ച ഇടംകയ്യൻ ബാറ്റ്‌സ്മാനായി കൂടി മാറി കഴിഞ്ഞു.5 മത്സരങ്ങളിൽ കൊൽക്കത്ത ടീമിനായി സ്ഥിരതയോടെ കളിക്കുന്ന 26 വയസ്സുകാരനായ താരം ഇതിനകം 193 റൺസ് അടിച്ചെടുത്ത് കഴിഞ്ഞു.
ഇന്നലെ പഞ്ചാബ് കിങ്‌സ് ടീമിനെതിരെ മത്സരത്തിൽ 49 പന്തിൽ 9 ഫോറും ഒരു സിക്സും അടക്കം 67 റൺസ് അടിച്ച താരം ക്രിക്കറ്റ് ലോകത്ത് നിന്നും ഏറെ പ്രശംസകൾ നേടി. ഇന്ത്യൻ ക്രിക്കറ്റ് ടീം അന്വേഷിക്കുന്ന ഒരു ആൾറൗണ്ടറായി വെങ്കടേഷ് അയ്യർ മാറുമെന്നാണ് യുവ താരത്തെ പുകഴ്ത്തി ഇതിഹാസ താരം സുനിൽ ഗവാസ്ക്കർ അഭിപ്രായപെട്ടത്. എന്നാൽ വെങ്കടേശ് അയ്യർക്ക് വളരെ വ്യത്യസ്തമായ ഒരു വിശേഷണം നൽകി രംഗത്ത് എത്തുകയാണ് കൊൽക്കത്ത ടീം ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം. ഏറെ മികച്ച ഒരു ഭാവിയാണ് താൻ താരത്തിന്റ മുൻപിൽ കാണുന്നതെന്നും പറഞ്ഞ മുൻ കിവീസ് താരം സ്പിൻ ബൗളിംഗ്, പേസ് ബൗളിംഗ് എന്തിനെയും ഭയമില്ലാതെ കളിക്കുന്ന അവന്റെ ശൈലി വളരെ മികച്ചതാണ് എന്നും പ്രശംസിച്ചു.
“ഓരോ ദിവസവും മികച്ചതായി മാറുന്ന ഒരു യുവ താരമാണ്. അവന്റെ ക്രിക്കറ്റ് കളിയോടുള്ള ആത്മാർത്ഥയും ഒപ്പം എല്ലാ സാഹചര്യത്തെ നേരിടാനുള്ള വൻ മികവും ശ്രദ്ധേയമാണ്. കൂടാതെ അവൻ എല്ലാ തരത്തിലും മികച്ച് നിൽക്കാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. അവന്റെ ഈ പ്രകടനങ്ങൾ കാണുമ്പോൾ എനിക്ക് ഇംഗ്ലണ്ട് ടീമിന്റെ സ്റ്റാർ ആൾറൗണ്ടറായ ബെൻ സ്റ്റോക്സിനെ ഓർമ്മവരുന്നുണ്ട്. ബെൻ സ്റ്റോക്സിനെ പോലെ വളരെ അധികം ഉയരങ്ങളിൽ എത്തുവാൻ വെങ്കടേഷ് അയ്യറിനും സാധിക്കട്ടെ “ഹെഡ് കോച്ച് അഭിപ്രായം വിശദമാക്കി