ഒടുവിൽ വനിതാ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. തങ്ങളുടെ ടൂർണമെന്റിലെ ആറാം മത്സരത്തിൽ യുപി വാരിയേഴ്സിനെതിരെ 5 വിക്കറ്റുകൾക്കാണ് ബാംഗ്ലൂർ വിജയം കണ്ടത്. ഈ വിജയത്തോടെ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾ ബാംഗ്ലൂർ നിലനിർത്തിയിട്ടുണ്ട്. എലിസ് പെറിയുടെ തകർപ്പൻ ബോളിംഗ് പ്രകടനവും, കനികയുടെ ബാറ്റിംഗ് പ്രകടനവുമാണ് ബാംഗ്ലൂരിനെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്. 12 ബോളുകൾ ശേഷിക്കവേയായിരുന്നു ബാംഗ്ലൂരിന്റെ ഈ വിജയം.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ പേസ് ബോളിങ്ങിനെ പിന്തുണച്ച പിച്ചിൽ നിന്ന് സഹായങ്ങൾ ബാംഗ്ലൂർ ബോളർമാർക്ക് ലഭിച്ചു. അങ്ങനെ യുപിയുടെ മുൻനിരയെ ബാംഗ്ലൂർ തകർക്കുകയായിരുന്നു. അപകടകാരിയായ ഹീലിയും(1) ദേവിക വൈദ്യയും(0) ടാലിയ മഗ്രാത്തും(2) തുടക്കത്തിൽ തന്നെ കൂടാരം കയറുകയുണ്ടായി. ഇതോടെ യുപി മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലായി. എന്നാൽ 32 പന്തിൽ 46 റൺസ് നേടിയ ഗ്രേസ് ഹാരിസ് യുപിയുടെ രക്ഷകയായി മാറി. എന്നിരുന്നാലും മറ്റു ബാറ്റർമാർ പരാജയപ്പെട്ടതിനാൽ തന്നെ യുപി ഇന്നിംഗ്സ് കേവലം 135 റൺസിൽ അവസാനിക്കുകയായിരുന്നു. ബാംഗ്ലൂരിനായി എലിസ് പേറി നിശ്ചിത നാലോവറുകളിൽ 16 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി.
മറുപടി ബാറ്റിംഗിന്റെ ആരംഭത്തിൽ കാണാൻ സാധിച്ചത് നായിക സ്മൃതി മന്ദനയുടെ മറ്റൊരു പരാജയമായിരുന്നു. യുപിക്കെതിരെ പൂജ്യയായി ആണ് മന്ദന മടങ്ങിയത്. ഒപ്പം സോഫി ഡിവൈനും(14) തുടക്കത്തിൽ തന്നെ കൂടാരം കയറി. എന്നാൽ അഞ്ചാം വിക്കറ്റിൽ കനികയും റിച്ചാ ഘോഷും ചേർന്ന് ബാംഗ്ലൂരിന് ഒരു തകർപ്പൻ കൂട്ടുകെട്ട് നൽകുകയായിരുന്നു. കനിക 30 പന്തുകളിൽ 46 റൺസ് നേടിയപ്പോൾ, റിച്ച(31*) ആവശ്യമായ പിന്തുണ നൽകി. അങ്ങനെ മത്സരത്തിൽ 5 വിക്കറ്റുകൾക്ക് ബാംഗ്ലൂർ വിജയം കാണുകയായിരുന്നു.
ബാംഗ്ലൂരിന്റെ ഈ വിജയം യുപി വാരിയേഴ്സിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. നിലവിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് രണ്ടു വിജയമാണ് യുപി വാരിയേഴ്സ് നേടിയിരിക്കുന്നത്. അതിനാൽ തന്നെ വരും മത്സരങ്ങളിൽ വിജയങ്ങൾ സ്വന്തമാക്കിയാൽ മാത്രമേ യുപിയ്ക്ക് പ്ലേയോഫിലെത്താൻ സാധിക്കുകയുള്ളൂ. വനിതാ പ്രീമിയർ ലീഗിൽ നാളെ ഡൽഹി ഗുജറാത്തിനെ നേരിടും.