പാകിസ്ഥാൻ മുൻപിൽ ഇന്ത്യ തോൽക്കാനുള്ള കാരണം ഇതാണ് : വെളിപ്പെടുത്തി മുൻ പാക് നായകൻ

ക്രിക്കറ്റ്‌ ലോകം എക്കാലവും വളരെ അധികം ആവേശത്തോടെ തന്നെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ : പാകിസ്ഥാൻ മത്സരം. നിലവിൽ ഐസിസി ടൂർണമെന്റിൽ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത് എങ്കിലും ഈ ഒരു ക്ലാസ്സിക്‌ പോരാട്ടത്തിന് ഇന്നും ക്രിക്കറ്റ്‌ പ്രേമികൾ ധാരാളമാണ്. ഇക്കഴിഞ്ഞ ടി :20 ലോകകപ്പിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് പാക് ടീം ചരിത്രം സൃഷ്ടിച്ചത് ചർച്ചയായിരുന്നു എങ്കിൽ വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഇതിനുള്ള മറുപടി നൽകാനാണ് ഇന്ത്യൻ സംഘം ആഗ്രഹം കാണിക്കുന്നത്.

2022ലെ ഓസ്ട്രേലിയൻ ടി :20 ലോകകപ്പിൽ ഒക്ടോബർ 23നാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. മറ്റൊരു പാക് : ഇന്ത്യ പോരാട്ടം കൂടി എത്തുമ്പോൾ ഈ മത്സരത്തെ കുറിച്ചുള്ള നിർണായക അഭിപ്രായം പങ്കുവെക്കുകയാണ് ഇപ്പോൾ മുൻ പാകിസ്ഥാൻ നായകനായ മുഹമ്മദ്‌ ഹഫീസ്. ഇന്ത്യ : പാക് പോരാട്ടങ്ങൾ എന്നും സമ്മർദ്ദങ്ങൾ സമ്മാനിക്കാറുണ്ട് എന്നാണ് മുൻ നായകന്‍റെ വാദം. താരം കഴിഞ്ഞ മാസമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.

പാകിസ്ഥാനെ വീണ്ടും ലോകകപ്പിൽ നേരിടാൻ എത്തുമ്പോൾ ഇന്ത്യൻ ടീമിനെ കഴിഞ്ഞ ലോകകപ്പിലെ തോൽവി വളരെ അധികം നിരാശരാക്കുമെന്ന് പറഞ്ഞ ഹഫീസ് വിരാട് കോഹ്ലിക്കും രോഹിത് ശർമ്മക്കും മാത്രമാണ് ഇന്ത്യൻ ടീമിൽ ഈ മത്സരത്തിന്റെ സമ്മർദ്ദം നേരിടാനുള്ള കരുത്തുള്ളുവെന്നും ഹഫീസ് തുറന്ന് പറഞ്ഞു.’ നിലവിലെ ഇന്ത്യൻ ടീം നമ്മൾ പരിശോധിച്ചാൽ വിരാട് കോഹ്ലിക്കും രോഹിത് ശർമ്മക്കും മാത്രമാണ് ഈ ഒരു ഇന്ത്യ : പാക് പോരാട്ടത്തെ നേരിടാനുള്ള മികവുള്ളത്. അതാണ്‌ കഴിഞ്ഞ തവണ ഇന്ത്യക്ക് തിരിച്ചടിയായതും. കഴിഞ്ഞ ടി :20 ലോകകപ്പിലെ ടീം ഇന്ത്യയുടെ വമ്പൻ തോൽവിക്കുള്ള കാരണം അതാണ്‌ ” മുഹമ്മദ്‌ ഹഫീസ് നിരീക്ഷിച്ചു.

“ഐസിസി നിലവിൽ പിന്തുടരുന്ന ഒരു ശൈലി ഇന്ത്യ : പാകിസ്ഥാൻ മത്സരം ആദ്യം തന്നെയാക്കുക എന്നതാണ്. ഇത്‌ ടീമുകളിൽ സൃഷ്ടിക്കുന്ന സമ്മർദ്ദം വലുതാണ്. കൂടാതെ രണ്ട് ടീമുകളും സമ്മർദ്ദത്തിലാകാൻ ഇത് പ്രധാന കാരണമായി മാറുന്നുണ്ട്. കൂടാതെ എന്റെ അഭിപ്രായത്തിൽ പാകിസ്ഥാൻ ടീം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുക ആണ്.

ഇന്ത്യൻ ടീം മോശം എന്നല്ല എന്റെ അഭിപ്രായം. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഈ സമ്മർദ്ദം നേരിട്ടില്ല എങ്കിൽ ഇന്ത്യൻ ടീം തോൽവിയിലേക്ക് എത്തും. കോഹ്ലിയും രോഹിത്തും റൺസ്‌ നേടുന്നതിലാണ് ഇന്ത്യൻ ജയവും ഞാൻ കാണുന്നത്. വരുന്ന മത്സരം ഒരു ത്രില്ലർ മത്സരമാകുവാൻ ഞാൻ വളരെ ഏറെ ആഗ്രഹിക്കുന്നുണ്ട് ” ഹഫീസ് അഭിപ്രായം വിശദമാക്കി.